20 April Saturday

ഇന്ന്‌ ലോക ഭിന്നശേഷി ദിനം തളരില്ല കുഞ്ഞാലന്റെ 
നിശ്‌ചയദാർഢ്യം

മനാഫ് താഴത്ത്Updated: Friday Dec 3, 2021
ഫറോക്ക് 
നാലു പതിറ്റാണ്ടു മുമ്പ് 17ാം വയസ്സിൽ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ മംഗലാപുരത്ത് പണി തേടിപ്പോയ കുഞ്ഞാലൻകുട്ടി തിരിച്ചെത്തിയത് അരയ്ക്കുതാഴെ ചലനശേഷി  നഷ്ടപ്പെട്ടാണ്. 1979 ആഗസ്ത്‌ മൂന്നിനാണ് കടലുണ്ടി  ചാലിയപ്പാടം  പുത്തൻകളത്തിൽ കുഞ്ഞാലൻകുട്ടിയുടെ ജീവിതത്തിൽ കരിനിഴൽ വീണത്‌. നിർമാണപ്രവർത്തനത്തിനിടെ ക്രെയിൻ തട്ടിയായിരുന്നു അപകടം. നിരവധി ആശുപത്രികളിലായി വർഷങ്ങൾ നീണ്ട ചികിത്സയ്ക്കും ചലന ശേഷി തിരിച്ചുനൽകാനായില്ല. എന്നിട്ടും ആരുടെ മുന്നിലും കൈനീട്ടാതെ കുഞ്ഞാലൻകുട്ടി ജീവിത വഴികളിൽ നിശ്‌ചയദാർഢൃം വീണ്ടെടുക്കുകയായിരുന്നു. 
കട്ടിലിൽ കിടന്നും തളർന്ന കാലുകൾ ഉപയോഗിച്ചും ഇലക്‌ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, കുട തുടങ്ങിയ സാധനങ്ങൾ നിർമിച്ച് കിടപ്പുമുറി തൊഴിലിടമാക്കി. ഇതിനിടെ അർബുദം ബാധിച്ച്‌ ഭാര്യയുടെ മരണമുൾപ്പെടെ ഏറെ പരീക്ഷണങ്ങൾ നേരിട്ടെങ്കിലും തെല്ലും പതറിയില്ല.
 കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിൽ (ഐ പി എം)നിന്ന്‌  കിടപ്പുരോഗികളുടെ പുനരധിവാസത്തിനുള്ള തൊഴിൽ പരിശീലനമാണ്‌ ജീവിതത്തിൽ വഴിത്തിരിവായത്‌.  എൽഇഡി ഉപയോഗിച്ചുള്ള ഫൂട്ട് ലൈറ്റ് നിർമാണമാണ് പ്രധാനം. അസംസ്കൃത വസ്തുക്കളെല്ലാം കമ്പനി നൽകും. നിർമാണം പൂർത്തിയാക്കിയാൽ ഒന്നിന് ആറു രൂപ നിരക്കിൽ കൂലി ലഭിക്കും.  പരസഹായമില്ലാതെ ജീവിക്കാനാവാത്ത കുഞ്ഞാലന്റെ ജീവിതത്തിലേക്ക്‌ എല്ലാ പ്രയാസങ്ങളും കണ്ടറിഞ്ഞാണ്‌ പിന്നീട്‌   മെഹറുന്നിസയെത്തിയത്‌. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം തൊഴിലിനെ സാരമായി ബാധിച്ചു. അതോടൊപ്പം   ശാരീക പ്രശ്നങ്ങളും അലട്ടുകയാണ്‌.  എല്ലാ വരുമാനവും മുടങ്ങി  ജീവിതം തള്ളിനീക്കുമ്പോഴും സാന്ത്വന പരിചരണ പ്രസ്ഥാനവുമായും ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവർത്തനങ്ങളുമായും സഹകരിക്കാൻ സമയം കണ്ടെത്തുന്നുണ്ട്‌ കുഞ്ഞാലൻകുട്ടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top