29 March Friday

കുത്തില്ല, കീടങ്ങളെ തിന്നും പുതിയ ഇനം കുഞ്ഞൻ കടന്നലുകൾ

സ്വന്തം ലേഖികUpdated: Friday Dec 3, 2021

പുതുതായി കണ്ടെത്തിയ കടന്നലുകൾ

കോഴിക്കോട്‌
 ഇത്തിരിക്കുഞ്ഞൻ ആറ്‌ പുതിയ ഇനം കടന്നലുകളെ കൂടി ശാസ്‌ത്രലോകം കണ്ടെത്തി. സാധാരണ കടന്നലുകളെപ്പോലെ കുത്തില്ലെന്ന്‌ മാത്രമല്ല, കീടങ്ങളെ തിന്ന്‌ കൃഷിക്ക്‌ സഹായവുമാണ്‌ ഈ കുഞ്ഞൻ കടന്നലുകൾ. സുവോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ കോഴിക്കോട്ടെ മേഖലാകേന്ദ്രത്തിലെ ശസ്‌ത്രസംഘമാണ്‌ ഇവയെ കണ്ടെത്തിയത്‌.
     നാല്‌ മുതൽ ആറ്‌ മില്ലിമീറ്റർ വരെ വലിപ്പമുള്ളതാണ്‌ സ്‌പൈലോമിന വിഭാഗത്തിലുള്ള ഈ കടന്നലുകൾ.  സ്‌പൈലോമിന ആറ്റൻബറോയ്‌, സ്‌പൈലോമിന  ഫൽവോപ്ലൂരിസ്‌,  സ്‌പൈലോമിന റെട്ടികുലാരിസ്‌,  സ്‌പൈലോമിന സഹ്യാദ്രിയൻസിസ്‌, സ്‌പൈലോമിന സുനേകി,  സ്‌പൈലോമിന  ട്യൂബർ കുലേറ്റ എന്നീ പേരുകളാണ്‌ ഇതിന്‌ നൽകിയത്‌.
  സ്‌പൈലോമിന  ട്യൂബർ കുലേറ്റ കർണാടകയിൽ നിന്നും ബാക്കിയുള്ളവ കേരളത്തിലെ വിവിധ മേഖലകളിൽ നിന്നുമാണ്‌ കണ്ടെത്തിയത്‌.  പ്രകൃതി ശാസ്ത്രജ്ഞനും ബിബിസി ലൈഫ് സീരിസിന്റെ അവതാരകനുമായ സർ ഡേവിഡ് ആറ്റൻബറോയോടുള്ള ആദരസൂചകമായിട്ടാണ്  കടന്നലുകളിൽ ഒന്നിന് പേര് നൽകിയത്.
    എല്ലാ മേഖലകളിലും കാണുന്ന  ഇവ കാർഷിക വിളകളും ചെടികളും നശിപ്പിക്കുന്ന കീടങ്ങളെയാണ്‌ ഭക്ഷണമാക്കുക. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പശ്ചിമ ഘട്ട പ്രാദേശിക കേന്ദ്രത്തിലെ ഗവേഷണ വിദ്യാർഥിനിയായ ടെസി രാജൻ,  ഓഫീസർ ഇൻ ചാർജും ശസ്‌ത്രജ്ഞനുമായ ഡോ. പി എം സുരേഷൻ, ഡോ. പി ഗിരീഷ്‌ കുമാർ, കലിക്കറ്റ് സർവകലാശാലയിലെ ഗവേഷണ വിദ്യാർഥി  സി ബിനോയ്‌ എന്നിവരടങ്ങുന്ന സംഘമാണ് ഇവയെ  കണ്ടെത്തിയത്‌. സൂടാക്സാ എന്ന അന്താരാഷ്‌ട്ര ജേണലിൽ ഇതു സംബന്ധിച്ച പ്രബന്ധം അടുത്തിടെ പ്രസിദ്ധീകരിച്ചു.
    സ്‌പൈലോമിന  വിഭാഗത്തിൽ  എട്ട്‌ കടന്നലുകളെയാണ്‌   ഇന്ത്യയിൽ കണ്ടെത്തിയത്‌. 1918ൽ ബ്രിട്ടീഷ്‌ ശസ്‌ത്രജ്ഞനായ  ആർ ടർണർ ആണ്‌ ആദ്യത്തേതിനെ കണ്ടെത്തിയത്‌. അതിന്‌ ശേഷം ഇതുൾപ്പെടെ ഏഴും   ഈ സംഘത്തിന്റെ സംഭാവനയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top