18 September Thursday

നെഞ്ചോട്‌ ചേർത്തു, ഈ ‘മൈൻഡിന്‌’ അംഗീകാരം

സ്വന്തം ലേഖികUpdated: Friday Dec 3, 2021
 
കോഴിക്കോട്‌ 
സ്‌പൈനൽ മസ്‌കുലാർ ഡിസ്‌ട്രോഫി (എസ്‌എംഎ), മസ്‌കുലാർ ഡിസ്‌ട്രോഫി (എംഡി) ബാധിച്ച്‌ സമൂഹത്തിന്റെ ഓരം ചേർന്ന്‌ ജീവിക്കുന്നവരെ കൈപിടിച്ച്‌ നെഞ്ചോട്‌ ചേർക്കാൻ ഒരു സംഘടനയുണ്ട്‌. ഈ രോഗത്തെക്കുറിച്ച്‌ ബോധവൽക്കരണം നടത്തിയും-  പാതിവഴിയിൽ വിദ്യാഭ്യാസം മുടങ്ങിയവർക്ക്‌ പുതുവഴിയേകിയും പുനരധിവാസത്തിനായി ‘ഒരിടം’ തീർത്തും  മൈൻഡ്‌(മൊബിലിറ്റി ഇൻ ഡിസ്‌ട്രോഫി) ഇന്ന്‌ വേറിട്ട പാത തീർക്കുകയാണ്‌. അതിനുള്ള അംഗീകാരമാണ്‌ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന മികച്ച സ്ഥാപനത്തിനുള്ള അവാർഡ്‌  ഇത്തവണ മൈൻഡിനെ തേടിയെത്തിയത്‌. അതും ട്രസ്‌റ്റ്‌ രൂപീകരിച്ച്‌ നാല്‌ വർഷം തികയും മുമ്പ്‌.     
2016 ജൂലൈ ഒന്നിന്‌ 80 പേരുമായി വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പിലൂടെ ആരംഭിച്ച സംഘടനയിലിന്ന്‌ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽനിന്നായി എഴുന്നൂറിലധികം പേർ  അംഗങ്ങളാണ്‌. 
എംഡി, എസ്‌എംഎ രോഗം ബാധിച്ച 80ഓളം പേരാണ്‌ 2016 ജൂലൈ ഒന്നിന്‌ വാട്‌സ്‌ ആപ്പ്‌ കൂട്ടായ്‌മ രൂപീകരിക്കുന്നത്‌.   2017 മേയിൽ തൃശൂരില ‘സ്നേഹ സംഗമം’   കൂട്ടായ്‌മ  ഒരുക്കി. ഇവിടെ നിന്നാണ്‌   ട്രസ്‌റ്റായി  രൂപപ്പെടുന്നത്‌. രോഗം ബാധിച്ചവരുടെ പ്രശ്‌നങ്ങൾ സമൂഹത്തിലേക്കും സർക്കാരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തിനായി ഒന്നിച്ചു. ഇന്നീ സംഘടന സംസ്ഥാനത്തൊട്ടാകെയുള്ള  കൂട്ടായ്‌മയായി വളർന്നു. 
അഞ്ച്‌ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ്‌ പ്രവർത്തനമെന്ന്‌ ഭാരവാഹി പി പ്രജിത്‌ പറഞ്ഞു. രോഗത്തെക്കുറിച്ച്‌ ബോധവൽക്കരണം, പഠനം പാതിവഴിയിലായ വിദ്യാർഥികൾക്ക്‌ വിദ്യാഭ്യാസം, രോഗത്തിൽ വലയുന്നവർക്ക്‌ പുനരധിവാസം , എംഡി–- എസ്‌എംഎ രോഗങ്ങളുടെ ചികിത്സയ്‌ക്കായുള്ള മരുന്നിനായി നിരന്തരം ഗവേഷണം എന്നിവയാണവ. പുനരധിവാസം ഒരുക്കാനായി ‘വേണം ഒരിടം’ എന്ന  ക്യാമ്പയിനും ആരംഭിച്ചു.  രോഗ ഗവേഷണത്തിന്‌ ‘പ്രതിഥി’ പ്രോജക്‌ട് തയ്യാറാക്കി. 
 ഈ രോഗം ബാധിച്ച സ്‌ത്രീകളുടെ ഉന്നമനത്തിനായി വുമൺ എംപവർമെന്റ്‌(വി) പദ്ധതിയുമുണ്ട്‌. കുട്ടികൾക്ക്‌ മാനസിക പിന്തുണ നൽകാനായി ‘പ്രയാണും’  വീട്ടിടങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കാനായി ‘അവനി’യും മൈൻഡിന്റെ നേതൃത്വത്തിൽ നടത്തുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top