16 April Tuesday

മൂക്കു പൊത്തേണ്ട, ഇവിടെയിപ്പോൾ കാറ്റിനും‌ സുഗന്ധം

വി വി രഗീഷ്Updated: Thursday Dec 3, 2020

 

 
വടകര
‘മൂക്ക് പൊത്തിയും ചന്ദനത്തിരി കത്തിച്ചും കഴിച്ചുകൂട്ടിയ കാലമെല്ലാം മാറി. വൃത്തികെട്ട അന്തരീക്ഷം മാറി. മാന്യമായി ജീവിക്കാൻ ജാഥ നയിച്ചതെല്ലാം പഴയ കഥ. ഇവിടെയിപ്പോൾ സ്വർഗതുല്യമായ അവസ്ഥയാ'... വടകര പുതിയാപ്പിലെ നഗരസഭ ട്രഞ്ചിങ്‌ ഗ്രൗണ്ടിന്റെ മാറ്റത്തെക്കുറിച്ച് കല്ലുനിര പറമ്പത്ത് ചീരുവേടത്തി പറയുമ്പോൾ മുഖത്ത്‌ തെളിയിയുന്നു അതിരില്ലാത്ത സന്തോഷം. മുമ്പ്‌ മാലിന്യം ദുരിതമായി പെയ്തിറങ്ങിയ ട്രഞ്ചിങ്‌ ഗ്രൗണ്ട്. ‌ഇപ്പോൾ ഇവിടെ ഇളം കാറ്റിനുപോലും സുഗന്ധമുണ്ടായെന്നത്‌ ഇവരനുഭവിക്കുന്ന മാറ്റമാണ്‌.  
നഗരമാലിന്യം കൊണ്ട് വീർപ്പുമുട്ടിയ കാലത്തിൽനിന്നുള്ള ഈ മാറ്റത്തിന് ജനത നന്ദിപറയുന്നത് സർക്കാരിനോടും നഗരസഭയോടും‌‌. ഒരുകാലത്ത് നഗരപരിധിയിലെ മാലിന്യം തള്ളിയത് പുതിയാപ്പിലെ ട്രഞ്ചിങ്‌ ഗ്രൗണ്ടിലായിരുന്നു. സംസ്ഥാന സർക്കാർ ഹരിത കേരളം പദ്ധതിയിൽ നഗരസഭയുടെ ‘ക്ലീൻ സിറ്റി ഗ്രീൻ സിറ്റി സീറോ വേസ്റ്റ് വടകര’ പദ്ധതിയിൽ ഉൾപ്പെടുത്തി സമ്പൂർണ മാലിന്യ നിർമാർജന പദ്ധതിക്ക്‌ തുടക്കമായതോടെ മാലിന്യഭൂമി പച്ചപ്പണിയുന്ന  കാഴ്ചയാണ്. ആറ് വർഷമായി ട്രഞ്ചിങ്‌ ഗ്രൗണ്ടിൽ  മാലിന്യം തള്ളുന്നത് നിർത്തിയിട്ട്. 
മാലിന്യ സംസ്‌കരണം കുടുംബശ്രീയെ ഏൽപ്പിച്ചാണ്‌ നഗരസഭ ഈ മാറ്റം സൃഷ്‌ടിച്ചത്‌. ഹരിത കർമസേന ‘ഹരിയാലി' യിലൂടെ കടത്തനാടിന്റെ പെൺകരുത്ത് മാലിന്യ പരിപാലനത്തിൽ പുതുചരിതം രചിച്ചു. സംസ്ഥാനത്തെ ആദ്യ മാലിന്യമുക്ത നഗരസഭയായതോടൊപ്പം 12 ലേറെ അവാർഡുകളും ലഭിച്ചത്‌ ശുചിത്വ തിളക്കത്തിന്‌ മികവ് ‌കൂട്ടി.  
വീടുകൾ, കടകൾ എന്നിവിടങ്ങളിൽനിന്ന്‌ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തരംതിരിക്കാനും സൂക്ഷിച്ചുവയ്‌ക്കാനും നാരായണ നഗറിൽ എംആർഎഫ് കേന്ദ്രം ഹരിയാലിക്കുണ്ട്. 
മാലിന്യത്തെ ലാഭകരമായ സംരംഭമാക്കി മാറ്റുന്നതിലും ഹരിയാലി വിജയിച്ചു. സംരംഭകാടിസ്ഥാനത്തിൽ മാലിന്യം സംസ്‌കരിക്കുന്ന സംസ്ഥാനത്തെ മൂന്ന് നഗരസഭകളിൽ ഒന്നാണ്‌ വടകര. പാഴ്‌വസ്തു ശേഖരണത്തിനുപുറമെ ബദൽ ഉൽപ്പന്ന നിർമാണ യൂണിറ്റ്, ഗ്രീൻ ഷോപ്പ്, റെന്റ്‌ എ ഷോപ്പ് തുടങ്ങി എട്ടോളം അനുബന്ധ സംരംഭങ്ങളും ഹരിയാലിക്ക് സ്വന്തം. കൂടാതെ തദ്ദേശ സ്ഥാപനങ്ങൾക്ക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകുന്ന ‘ഹരിത സഹായ സ്ഥാപനം' എന്ന അംഗീകാരവും നേട്ടങ്ങളിലെ പൊൻതൂവലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top