19 April Friday

സ്റ്റുഡന്റ്‌ പൊലീസ്‌ കാഡറ്റിന്റെ ശിൽപ്പി

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

സ്റ്റുഡന്റ്‌ പൊലീസ്‌ കാഡറ്റ്‌ പദ്ധതി ഉദ്ഘാടനം ചെയ്ത അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ കാഡറ്റുമായി സംസാരിക്കുന്നു (ഫയൽ ചിത്രം)

കോഴിക്കോട്‌
സ്റ്റുഡന്റ്‌ പൊലീസ്‌ കാഡറ്റ്‌ പദ്ധതിയുടെ ചരിത്രത്തിൽ തിളങ്ങുന്ന ഏടാണ്‌ കോടിയേരി ബാലകൃഷ്ണൻ എന്ന ആഭ്യന്തര മന്ത്രിയുടേത്‌. അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കെയാണ്‌ രാജ്യത്തിന്‌ മാതൃകയായ പദ്ധതിക്ക്‌ തുടക്കംകുറിച്ചത്‌. 
കോഴിക്കോട്‌ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ്‌ സ്റ്റുഡന്റ്‌ കാഡറ്റുമാരെ പരീക്ഷണാടിസ്ഥാനത്തിൽ വിന്ന്യസിച്ചത്‌. അന്നത്തെ സിറ്റി പൊലീസ്‌ കമീഷണർ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ കാഡറ്റുകൾ നടത്തിയ പ്രവർത്തനം വലിയ പ്രശംസ പിടിച്ചുപറ്റി. ഇതാണ്‌ പിന്നീട്‌ സംസ്ഥാനാടിസ്ഥാനത്തിൽ വ്യാപിക്കപ്പെട്ടത്‌. 2010 ആഗസ്‌ത്‌ രണ്ടിന്‌ അന്നത്തെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദൻ പദ്ധതി ഔദ്യോഗികമായി ഉദ്‌ഘാടനംചെയ്തു. 
ആദ്യഘട്ടത്തിൽ സംസ്ഥാനത്ത്‌ 100 സ്കൂളിലാണ്‌ പദ്ധതി ആരംഭിച്ചത്‌. കോഴിക്കോട്‌ ടൗൺ ഹാളിൽ തിങ്ങിനിറഞ്ഞ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിലക്കാത്ത കരഘോഷത്തോടെയാണ്‌ പദ്ധതി ഉദ്‌ഘാടനംചെയ്തത്‌. 
പദ്ധതി തങ്ങളുടെ സ്കൂളുകളിൽ കൂടി തുടങ്ങണമെന്നും യൂണിഫോമെല്ലാം പിടിഎ നൽകാമെന്നും പറഞ്ഞ്‌ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും വരുന്ന അന്വേഷണങ്ങൾ പദ്ധതിക്കുകിട്ടുന്ന ജനകീയാംഗീകാരമാണെന്ന കോടിയേരിയുടെ അധ്യക്ഷ പ്രസംഗം നിറഞ്ഞ കൈയടിയോടെയാണ്‌ സദസ്സ്‌ സ്വീകരിച്ചത്‌. പിന്നീട്‌ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിച്ച പദ്ധതി രാജ്യാന്തര ശ്രദ്ധ നേടി. മറ്റു പല സംസ്ഥാനങ്ങളും നടപ്പാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top