24 April Wednesday
പ്രവാസി നിക്ഷേപത്തിലൂടെ ടൂറിസം വികസനം

കോടിയേരിയുടെ വഴിയേ കേരളം കുതിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
സ്വന്തം ലേഖകൻ
കോഴിക്കോട്‌
പ്രവാസി നിക്ഷേപം വികസനത്തിനെന്ന കാഴ്‌ച്ചപ്പാട്‌ ടൂറിസം മന്ത്രിയായിരിക്കുമ്പോൾ കോടിയേരി ബാലകൃഷ്ണനാണ്‌ നടപ്പാക്കിയത്‌. സംസ്ഥാനത്തിന്‌ വരുമാനവും നിരവധിപേർക്ക്‌ തൊഴിലും ലഭിച്ച പദ്ധതി പ്രവാസികൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ടാക്കി. കോവിഡ്‌ പ്രതിസന്ധിയുടെ ഘട്ടത്തിൽ തിരിച്ചെത്തിയ പ്രവാസികൾക്ക്‌ തണലൊരുക്കാൻ മാതൃകയായത്‌ ദീർഘവീക്ഷണമുള്ള ഈ പദ്ധതിയായിരുന്നു.   
വിനോദസഞ്ചാര മേഖലയിൽ അഞ്ചുവർഷംകൊണ്ട്‌ 2000 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട പദ്ധതികളാണ്‌ നടപ്പാക്കിയത്‌. അതിനുമുമ്പ്‌ വലിയ പരിഗണന ലഭിക്കാതെ കിടന്ന വിനോദ സഞ്ചാരമേഖലയുടെ അതിവേഗത്തിലുള്ള വളർച്ച തുടങ്ങുന്നത്‌ അന്നുമുതലാണ്‌.  
ബേക്കൽ, മൂന്നാർ, വയനാട്‌ മേഖലകളെ ബന്ധിപ്പിച്ച്‌ രാജ്യാന്തര വിനോദസഞ്ചാര ഇടനാഴി കേരളത്തിന്റെ  സാധ്യതകൾ വർധിപ്പിക്കുമെന്ന്‌ കോടിയേരി വിശ്വസിച്ചു. വിനോദസഞ്ചാരമേഖലയ്‌ക്കൊപ്പം ഹോട്ടൽ,  ആശുപത്രി മേഖലകളിലും വിദേശമലയാളികൾക്ക്‌ മുതൽമുടക്കാൻ അവസരംനൽകി.  
ആരോഗ്യ വിനോദസഞ്ചാര രംഗത്ത്‌ രാജ്യാന്തര കണക്കുകൾക്കപ്പുറത്തേക്ക്‌ വളരാൻ കഴിയുംവിധം നിരവധി പദ്ധതികൾ ഇക്കാലത്ത്‌ നടപ്പിലായി. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 35 ശതമാനം വർധനയുണ്ടായി. പ്രവാസികളുടെ പണം സ്വീകരിച്ച്‌ വളരുക എന്നത്‌ മാത്രമല്ല, അവരനുഭവിക്കുന്ന അരക്ഷിതാവസ്ഥയിൽ താങ്ങാവുന്ന പദ്ധതികളും നടപ്പിലാക്കി ഈ വിഭാഗത്തിന്റെ മനം കവരാനും കോടിയേരിക്ക്‌ കഴിഞ്ഞു.   
ഒരുരേഖയിലും ഉൾപ്പെടാതിരുന്ന പ്രവാസി മലയാളികളുടെ യഥാർഥ കണക്ക്‌ ശേഖരിക്കാൻ നടപടികളായി. ഒട്ടേറെ പേരുടെ ജീവിതം തകർക്കാനിടയായ വ്യാജ റിക്രൂട്ടിങ്‌ ഏജൻസികൾക്കെതിരെ രാജ്യത്താദ്യമായി കർശന നടപടി സ്വീകരിച്ചതും കോടിയേരിയുടെ കാലത്താണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top