29 March Friday

വരൂ, കടലോളം വായിക്കാം കടലുകണ്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

കോഴിക്കോട് സൗത്ത് ബീച്ചിലെ ലിറ്റ്‌ ആർടിൽ പുസ്തകം 
വായിക്കാനെത്തിയവർ

സ്വന്തം ലേഖകൻ
കോഴിക്കോട് 
വായനയ്‌ക്ക്‌ സ്വസ്ഥമായ ഇടം തേടുന്നവർക്കുള്ളതാണ്‌ ലിറ്റ്‌ ആർട്‌. കഥകൾ പിറന്ന കോഴിക്കോടിന്റെ പെരുമയുള്ള ആതിഥ്യമേറ്റ്‌ കടലിരമ്പം കേട്ടും കടൽക്കാറ്റേറ്റും വായിക്കാൻ കൊതിതോന്നുന്നവർക്ക്‌ ഇവിടെയെത്താം. നവമാധ്യമങ്ങളിലൂടെ വൈറലായ ഈ വായനകേന്ദ്രത്തിലേക്ക്‌ ഇപ്പോൾ ധാരാളം പേർ എത്തുന്നുണ്ട്‌.  കോഴിക്കോട്‌ സൗത്ത്‌ ബീച്ചിലെ കൊപ്ര വ്യാപാരകേന്ദ്രത്തിനുള്ളിലാണ്‌ ‘ലിറ്റ്‌ ആർട്‌’ സാംസ്കാരിക കൂട്ടായ്മ വേറിട്ട വായനകേന്ദ്രം ഒരുക്കിയത്‌.  
നൂറുരൂപ മാസവരി അടച്ചാൽ ഏത്‌ പുസ്തകവും എത്ര മണിക്കൂർ വേണമെങ്കിലും ഇവിടെയിരുന്ന്‌ വായിക്കാം. സ്വന്തമാക്കണമെന്ന്‌ തോന്നുന്നവ പണം നൽകി വാങ്ങാം. വരിക്കാർക്ക്‌ 17 ശതമാനം ഇളവുണ്ട്‌. വായിക്കാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ ലിറ്റ്‌ ആർട്ടിലെ നോട്ട് ബുക്കിൽ കുറിച്ചാൽ സംഘാടകർ കണ്ടെത്തി എത്തിച്ചുനൽകും.  
മലപ്പുറം ആസ്ഥാനമായ ‘ബുക്‌ഫാം’ എന്ന സംഘടനയുമായി ചേർന്നാണ്‌ ലൈബ്രറി പ്രവർത്തനം.  പുസ്തകങ്ങൾ എത്തിക്കുന്നത്‌ ബുക്‌ഫാമാണ്‌.  ഇന്ദുലേഖ മുതൽ മാമാങ്കംവരെ വിവിധ ഭാഷകളിലെ രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഇവിടെയുണ്ട്‌.  
വായിക്കാനെത്തുന്നവർ കൂടിയതോടെ കൂടുതൽ പുസ്തകങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ്‌ സംഘാടകർ. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ്‌ പ്രവൃത്തി സമയം.  
 വിക്ടോറിയൻ വാസ്തുരീതിയിൽ 1936ൽ നിർമിച്ച, കടലിനഭിമുഖമായി തുറക്കാൻ കഴിയുന്ന ജാലകമുള്ള മുറിയിലാണ്‌ വായനകേന്ദ്രം. കൊപ്ര ബസാർ സജീവമായിരുന്ന കാലത്തെ സംഭരണകേന്ദ്രമാണിത്‌. പൗരാണികത നിലനിർത്തിയാണ്‌ വായനകേന്ദ്രമാക്കിയത്‌.  ബിലാൽ തലശേരി, ശ്രീജിത്ത്‌ പൂക്കാട്‌ എന്നിവരുടെ നേതൃത്വത്തിലുള്ള  ഏഴുപേരുടെ കൂട്ടായ്മ മൂന്നുമാസം മുമ്പാണ്‌ ലൈബ്രറി തുടങ്ങിയത്‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top