26 April Friday

യുഡിഎഫ്‌–ബിജെപി കൂട്ടുകെട്ടിനെതിരെ എൽഡിഎഫ്‌ ജനകീയ പ്രതിരോധ സദസ്സ്‌ 6ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022
കോഴിക്കോട്‌
കോർപറേഷൻ കെട്ടിടനമ്പർ ക്രമക്കേടിൽ അന്വേഷണം വഴിതിരിച്ചുവിട്ട്‌ അഴിമതിക്കാരെ സംരക്ഷിക്കാൻ യുഡിഎഫും ബിജെപിയും നടത്തുന്ന അക്രമസമരങ്ങൾക്കെതിരെ ബുധനാഴ്‌ച ജനകീയ പ്രതിരോധ സദസ്സ്‌ സംഘടിപ്പിക്കുമെന്ന്‌ എൽഡിഎഫ്‌ സിറ്റി കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട്‌ അഞ്ചിന്‌ മുതലക്കുളത്ത്‌ എളമരം കരീം എംപി ഉദ്‌ഘാടനംചെയ്യും. പ്രമുഖ എൽഡിഎഫ്‌ നേതാക്കൾ പങ്കെടുക്കും.
കോർപറേഷനിൽ യൂസർ ഐഡിയും പാസ്‌വേഡും ദുരുപയോഗം ചെയ്‌ത്‌ കെട്ടിടങ്ങൾക്ക്‌ അനധികൃത നമ്പർ നൽകിയ സംഭവത്തിൽ സമഗ്ര അന്വേഷണമാണ്‌ നടക്കുന്നത്‌. നാല്‌ ഉദ്യോഗസ്ഥരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചാണ്‌ ക്രമക്കേട്‌ നടത്തിയതെന്ന്‌ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഇവരെ സസ്‌പെൻഡ്‌ ചെയ്‌തത്‌. ഇവർ കുറ്റക്കാരാണെന്ന നിലപാട്‌ കോർപറേഷൻ സ്വീകരിച്ചിട്ടില്ല. ധാർമികവും സാങ്കേതികവുമായ ഉത്തരവാദിത്വത്തിന്റെ പേരിലാണ്‌  നടപടിയെടുത്തത്‌. കുറ്റക്കാർ ആരാണ്‌ എന്നത്‌ പൊലീസ്‌ അന്വേഷണത്തിൽ വെളിപ്പെടും. നിലവിൽ ഒരു കേസ്‌ അന്വേഷിച്ചപ്പോൾത്തന്നെ രണ്ട്‌ ജീവനക്കാരും ഒരു വിരമിച്ച ഉദ്യോഗസ്ഥനും ഉൾപ്പെടെ ഏഴുപേർ അറസ്‌റ്റിലായി. 
തട്ടിപ്പിനുപിന്നിൽ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ട്‌ എന്ന്‌ വ്യക്തമായി. ഇടനിലക്കാരും ജീവനക്കാരും അടങ്ങുന്ന ഈ ഗൂഢസംഘത്തെ പുറത്തുകൊണ്ടുവരാൻ കോർപറേഷൻ നടത്തുന്ന ശ്രമങ്ങൾക്ക്‌ എൽഡിഎഫ്‌ പിന്തുണ നൽകും. എന്നാൽ അന്വേഷണം വഴിതിരിച്ചുവിടാൻ ബോധപൂർവ ശ്രമമാണ്‌ യുഡിഎഫും ബിജെപിയും നടത്തുന്നത്‌. അക്രമസമരങ്ങൾ ഇതിന്റെ ഭാഗമാണ്‌. അഴിമതി നടത്തിയവരെ തള്ളിപ്പറയാൻ ഇരുകൂട്ടരും തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ വേണ്ടപ്പെട്ടവർ പിടിക്കപ്പെട്ടതിലുള്ള വെപ്രാളമാണ്‌ അവർക്ക്‌. ഈ കൂട്ടുകെട്ടിന്റെ കുപ്രചാരണങ്ങളെ ജനങ്ങളെ അണിനിരത്തി തുറന്നുകാട്ടുമെന്നും നേതാക്കൾ പറഞ്ഞു. എ പ്രദീപ്‌കുമാർ, ടി പി ദാസൻ, സി പി മുസാഫർ അഹമ്മദ്‌, പി കെ നാസർ, പി ടി ആസാദ്‌, പി കിഷൻചന്ദ്‌, എം പി സൂര്യനാരായണൻ, എം എ സവാദ്‌ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top