25 April Thursday

വികസനത്തെ തുരങ്കംവെച്ച് യുഡിഎഫ്–-വെൽഫെയർ പാർടി സഖ്യം

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022
മുക്കം 
നഗരസഭയുടെ 14-ാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട വാർഷിക പദ്ധതി  പ്രവർത്തനങ്ങളുമായി സഹകരിക്കാതെ വ്യാജ പ്രചാരണങ്ങളുമായി യുഡിഎഫ്--–-വെൽഫയർ സഖ്യം പുകമറ സൃഷ്ടിക്കുന്നു. ഭാവി വികസനം തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഇക്കൂട്ടർ നുണപ്രചാരണം നടത്തുന്നത്‌.  
വാർഷിക പദ്ധതിയിൽ സിഎച്ച്സി ജനറൽ ആശുപത്രിയായി വികസിപ്പിക്കുന്നതിന്റെ പ്രാരംഭമായി എൻഐടിയുമായി ചേർന്ന് നഗരസഭ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിച്ചു കഴിഞ്ഞു. ഓഫീസ് കെട്ടിടം വിപുലീകരണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാനായി തൃശൂർ ആസ്ഥാനമായ കമ്പനിയെ ഏൽപ്പിച്ചു. 
എംആർഎഫിനായി സ്ഥലം വാങ്ങി പശ്ചാത്തല സൗകര്യമൊരുക്കാൻ 30 ലക്ഷം വകയിരുത്തിയിട്ടുണ്ട്. സ്ഥലമെടുപ്പ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ നേരത്തേ യുഡിഎഫ് ശ്രമിച്ചിരുന്നു. വഴിയോര വിശ്രമകേന്ദ്രത്തിനും മുക്കത്തെ ആഴ്ചച്ചന്ത പുനരാരംഭിക്കാൻ ആവശ്യമായ ഫണ്ടും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
68 ഭവന രഹിതർക്ക്  ലൈഫിൽ വീടു നിർമാണത്തിന്‌ നാല് ലക്ഷം രൂപവീതം രണ്ട് കോടി 76 ലക്ഷം രൂപ, ഭവന പുനരുദ്ധാരണത്തിനായി പ്രത്യേകം ഫണ്ട്, ശുചിത്വ–-മാലിന്യ പരിപാലനത്തിന്‌ വിവിധ പദ്ധതികളിലായി ഒന്നരക്കോടി രൂപ, എല്ലാ വീടുകളിലും സമ്പൂർണ ശുദ്ധജല വിതരണ പദ്ധതിയ്ക്കായി 12.44 കോടി രൂപ എന്നിങ്ങനെ നിരവധി പദ്ധതികളാണ് നഗരസഭ നടപ്പാക്കുന്നത്.
പശ്ചാത്തല സൗകര്യ വികസനത്തിനായി മൂന്ന് കോടിയിലധികം രൂപയുടെ പദ്ധതികൾ, റോഡുകളുടെ മരാമത്തു പ്രവൃത്തിക്ക്  നാല് കോടി 30 ലക്ഷം രൂപയും ചെലവഴിക്കാൻ ലക്ഷ്യമിടുന്നു. 
ഈയൊരു സാഹചര്യത്തിലാണ് മുക്കം നഗരസഭയിൽ ഒരു വികസനവും നടത്താൻ അനുവദിക്കില്ലെന്നുറച്ച് യുഡിഎഫ്, വെൽഫെയർ പാർടി കൗൺസിലർമാർ ഇറങ്ങിയിരിക്കുന്നത്. മിനുട്സ് കൊണ്ടുപോയി എന്ന് പ്രചരിപ്പിച്ച് വിവാദമുണ്ടാക്കുന്നതും ഇതിന്റെ ഭാഗമാണ്.
നഗരസഭക്കെതിരെ ഉയർത്തുന്ന വ്യാജ പ്രചാരണങ്ങൾ ജനം തിരിച്ചറിയുമെന്ന്  ചെയർമാൻ പി ടി ബാബു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top