19 April Friday

കർഷകസംഘം സായാഹ്ന സമരം 
6ന്‌ താമരശേരിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
കോഴിക്കോട്
റബർ, നാളികേര കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച്‌  കേരള കർഷകസംഘം ജില്ലാ കമ്മിറ്റി ചൊവ്വ വെെകീട്ട്  നാലിന് താമരശേരി പഴയ ബസ് സ്റ്റാൻഡ്‌ പരിസരത്ത്‌  സായാഹ്ന സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
റബർ കാർഷിക വിളയല്ലെന്ന് പ്രഖ്യാപിച്ച് വൻതോതിൽ ഇറക്കുമതിചെയ്യാൻ കേന്ദ്ര സർക്കാർ അവസരമൊരുക്കുകയാണ്‌. 2012 ൽ 2,68,000 ടൺ ഇറക്കുമതി ചെയ്തിടത്ത്‌ നിലവിൽ 5,43,000 ടൺ ആണ്.   ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന റബ്ബറിന്റെ 82 ശതമാനവും കേരളത്തിലാണ്‌. നിലവിൽ 7,75,000 ടൺ മാത്രമാണ് ഉൽപ്പാദനം. 2012ൽ 9,13,700 ടൺ ആയിരുന്നു.  സംസ്ഥാന സർക്കാർ റബ്ബറിന് 170 രൂപ തറവില പ്രഖ്യാപിച്ച് സൊസൈറ്റികൾ മുഖേന സംഭരിച്ച് കൃഷിക്കാരെ സഹായിക്കാനാണ്‌ ശ്രമിക്കുന്നത്‌.  
നാളികേര ഉൽപ്പാദനത്തിന്റെ 15.24 ശതമാനവും കോഴിക്കോട് ജില്ലയിലാണ്‌. എന്നാൽ, ഇവിടെ കൊപ്ര സംഭരണത്തിന് മതിയായ സംവിധാനമില്ല. സംഭരണത്തിൽ കേരഫെഡിനെ കേന്ദ്ര സർക്കാർ ഒഴിവാക്കിയതും സംഭരണ ഏജൻസിയായ നാഫെഡിന് മതിയായ സംവിധാനങ്ങളില്ലാത്തതുമാണ് നാളികേര വിലത്തകർച്ചക്ക് കാരണം. 
റബ്ബറിന് 300 രൂപ തറവില പ്രഖ്യാപിച്ച്  സംഭരണം ഏർപ്പെടുത്തുക, റബ്ബറിനെ കാർഷികവിളയായി കണക്കാക്കുക, നാളികേര സംഭരണത്തിന്‌ സംവിധാനമൊരുക്കുക തുടങ്ങിയ എട്ട് പ്രധാന മുദ്രാവാക്യങ്ങളുന്നയിച്ചാണ് സമരം.  
അഖിലേന്ത്യാ കിസാൻസഭ പ്രവർത്തക സമിതി അംഗം പി വിശ്വൻ,  ജില്ലാ സെക്രട്ടറി ജോർജ് എം തോമസ്, വൈസ് പ്രസിഡന്റ്‌ ബാബു പറശ്ശേരി,  കോഴിക്കോട് ഏരിയാ സെക്രട്ടറി കെ സുരേഷ് കുമാർ, സംസ്ഥാന
കമ്മിറ്റി അംഗം ഷിജു, സത്യൻ എന്നിവർ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top