26 April Friday
ദുരൂഹത നീങ്ങി

ദീപക്കിനെ ക്രൈംബ്രാഞ്ച് സംഘം 
വടകരയിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

ദീപക്കിനെ വടകരയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചപ്പോൾ

പേരാമ്പ്ര
മേപ്പയൂർ കൂനംവെള്ളിക്കാവിൽനിന്ന്‌ കഴിഞ്ഞ ജൂൺ ഏഴിന് കാണാതായ വടക്കേടത്ത് കണ്ടി ദീപക്കിനെ (36) ക്രൈംബ്രാഞ്ച് സംഘം വടകരയിലെത്തിച്ചു. ദീപക്കിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അമ്മ ശ്രീലത ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. ഇതേ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പൊലീസ് ലുക്ക്ഔട്ട് നോട്ടീസ്‌ പുറപ്പെടുവിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ദീപക്കിനെ ഗോവയിൽനിന്ന്‌ കണ്ടെത്തിയത്. 
ഡിവൈഎസ്‌പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ എസ്ഐമാരായ മോഹനകൃഷ്ണൻ, കെ പി രാജീവൻ, വി കെ രാജീവൻ, സീനിയർ സിപിഒമാരായ വി വി ഷാജി, സുരേഷ് കാരയാട് എന്നിവർ ഗോവയിലെത്തി  പൊലീസ്‌ കസ്റ്റഡിയിലുള്ള  ദീപക്കിനെ വടകരയിൽ എത്തിക്കുകയായിരുന്നു.
മംഗളൂരുവിൽനിന്ന്‌ ഗോവയിലേക്ക്‌ 
കഴിഞ്ഞ ജൂൺ ഏഴിന് രാവിലെ എറണാകുളത്ത് പോകുകയാണെന്നുപറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ ദീപക്ക് രാത്രി 10ന് ബസ്സിന്‌ മംഗളൂരുവിലേക്കാണ് പോയത്. അവിടെയെത്തിയപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. എട്ടിന് രാവിലെ ബസ് മാർഗം ഗോവയിലേക്ക് പുറപ്പെട്ടു. ആഗസ്‌ത്‌ 30 വരെ ഗോവയിലെ ലൈവ്‌ലി ഹുഡ് ഹോട്ടലിൽ ദിവസം 500 രൂപ വേതനത്തിന് ജോലിചെയ്തു.  റെയിൽവേ സ്റ്റേഷനിലായിരുന്നു അന്തിയുറക്കം. ആഗസ്‌ത്‌ 30ന് ഗോവയിൽനിന്ന്‌ ട്രെയിൻ മാർഗം മുംബൈയിലേക്ക് പോയി. ആറുദിവസം മുംബൈയിൽ കറങ്ങിയശേഷം മധ്യപ്രദേശിലെ ഇറ്റാർസി, മാണ്ഡി ദ്വീപ്, ഭോപാൽ എന്നിവിടങ്ങളിൽ യാത്ര തുടർന്നു. സെപ്തംബറിൽ രണ്ടുദിവസം ന്യൂഡൽഹിയിൽ എത്തി. പിന്നീട് സെപ്തംബർ 24ന് ചണ്ഡീഗഢിലേക്ക് പോയി  നിർമാണത്തൊഴിലാളിയായി ജോലിയെടുത്തു. തുടർന്ന് ഏഴുദിവസം അമൃത്‌സറിലും രണ്ടുദിവസം ഷിംലയിലും സഞ്ചരിച്ചു. ഡിസംബർ 26ന് ഗോവയിൽ തിരിച്ചെത്തി  ഫുൾ മൂൺ എന്ന ഹോട്ടലിൽ 500 രൂപ ദിവസവേതനത്തിന് ശുചീകരണ തൊഴിലാളിയായി. ജനുവരി 29ന് ഹോട്ടൽ ജോലി ഉപേക്ഷിച്ച ദീപക്ക് മറ്റൊരാളുടെ ഫോണിൽനിന്ന്‌ അമ്മ ശ്രീലതയെ വിളിക്കുകയായിരുന്നു. തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്  കണ്ടെത്താനായത്.
ഹേബിയസ് കോർപ്പസ് ഹർജി നിലനിൽക്കുന്നതിനാൽ ദീപക്കിനെ  വെള്ളിയാഴ്‌ച കോഴിക്കോട് ലീഗൽ സർവീസ് അതോറിറ്റിയുടെ സാന്നിധ്യത്തിൽ വീഡിയോ കോൺഫറൻസ് വഴി ഹൈക്കോടതിയിൽ ഹാജരാക്കിയശേഷം ബന്ധുക്കളോടൊപ്പം വിട്ടയക്കും. 
 കൊയിലാണ്ടി കാപ്പാട് കോടിക്കൽ ബീച്ചിൽ കണ്ടെത്തിയ മൃതദേഹം ദീപക്കിന്റേതാണെന്ന്‌ കരുതി വീട്ടുകാർ സംസ്കരിച്ചിരുന്നു. എന്നാൽ ഡിഎൻഎ പരിശോധനയിൽ പന്തിരിക്കരയിൽനിന്ന്‌ സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിന്റെതാണെന്ന്‌ തിരിച്ചറിഞ്ഞു. പിന്നീടാണ്‌ ദീപക്കിനെ  കണ്ടെത്താൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top