28 March Thursday

താമരശേരി ചുരം റോഡ്‌ 
വികസിപ്പിക്കും: മന്ത്രി റിയാസ്‌

സ്വന്തം ലേഖകൻUpdated: Friday Feb 3, 2023
തിരുവനന്തപുരം
വയനാട്ടിലേക്കുള്ള പ്രധാന പാതയായ താമരശേരി ചുരം റോഡ്‌ വികസനത്തിന്‌ മുന്തിയ പരിഗണനയാണ്‌ സർക്കാർ നൽകുന്നതെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിയമസഭയെ അറിയിച്ചു. ദേശീയപാത 766-ൽ കോഴിക്കോട് മലാപ്പറമ്പുമുതൽ മുത്തങ്ങവരെ റോഡ് വികസന നിർദേശമാണ് സംസ്ഥാനം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് സമർപ്പിച്ചത്. പുതുപ്പാടി–- മുത്തങ്ങ ഭാഗത്ത് (ചുരം ഉൾപ്പെടുന്ന മേഖല) വിശദ പദ്ധതിരേഖ തയ്യാറാകുന്നു. വനഭൂമി ലഭ്യമായാൽ ഇത്‌ പൂർത്തിയാക്കാനാകും. വനഭൂമി വിട്ടുകിട്ടിയ ആറ്‌, ഏഴ്‌, എട്ട്‌ വളവുകൾ വികസിപ്പിക്കുന്നതിന്‌ പ്രത്യേക പദ്ധതിയും പരിശോധിക്കും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയവുമായി മരാമത്ത്‌ സെക്രട്ടറി ഇക്കാര്യം ചർച്ച ചെയ്യും. ഘട്ടംഘട്ടമായി ചുരം റോഡ്‌ വികസനം സാധ്യമാക്കുകയാണ്‌ ലക്ഷ്യം. പർവത് മാല പദ്ധതിയിൽ അടിവാരം -ലക്കിടി റോപ്‌വേ നിർമാണത്തിന്‌ സംസ്ഥാനത്തിന്റെ നിർദേശം   കേന്ദ്രത്തിനു മുന്നിലുണ്ട്‌. 
 വലിയതോതിൽ വനഭൂമി ബദൽ റോഡ്‌ പദ്ധതി പൂർത്തിയാക്കാനാകാത്ത സ്ഥിതിയാണ്‌. കടിയങ്ങാട്–-പെരുവണ്ണാമൂഴി– -പൂഴിത്തോട്–- പടിഞ്ഞാറത്തറ ബദൽ റോഡിൽ കടിയങ്ങാട്– -പൂഴിത്തോട് പ്രവൃത്തി നടപ്പാക്കി. തുടർന്നുള്ള റീച്ചിൽ കേന്ദ്ര വനംമന്ത്രാലയത്തിന്റെ അനുമതി വേണം. ടി പി രാമകൃഷ്ണൻ എംഎൽഎ ശ്രദ്ധയിൽപ്പെടുത്തിയ ഇക്കാര്യത്തിൽ കേന്ദ്ര വനംവകുപ്പുമായി ചർച്ച നടത്തേണ്ടതുണ്ട്‌. 
ആനക്കാംപൊയിൽ–-- കള്ളാടി-– -മേപ്പാടി തുരങ്കപാത യാഥാർഥ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭൂമി ഏറ്റെടുക്കൽ തുടങ്ങി. വനമേഖലയിലെ അനുമതിക്ക്‌ അപേക്ഷ വനംവകുപ്പിന്റെ പരിഗണനയിലാണ്. പദ്ധതി പാരിസ്ഥിതിക ആഘാതപഠനം പുരോഗമിക്കുന്നു. നോർവീജിയൻ സാങ്കേതികവിദ്യകൂടി ഉപയോഗപ്രദമാക്കാനാണ്‌ ശ്രമം. ഇതിനായി നോർവീജിയൻ വിദഗ്‌ധ സംഘം പരിശോധന നടത്തിയെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top