24 April Wednesday

കായിക കിരീടം 
ലക്ഷ്യമിട്ട്‌ കോഴിക്കോട്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

പുല്ലൂരാംപാറ സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസിലെ വിദ്യാർഥികൾ പരിശീലനത്തിൽ

കോഴിക്കോട്‌
സംസ്ഥാന സ്‌കൂൾ കായികമേളയിൽ കന്നികിരീടം ലക്ഷ്യമിട്ട്‌ കോഴിക്കോട്‌ തലസ്ഥാന നഗരിയിലേക്ക്‌. തിരുവനന്തപുരത്ത്‌ ശനിയാഴ്‌ച ആരംഭിക്കുന്ന സംസ്ഥാന കായികമേളയിൽ ജില്ലയിൽനിന്ന്‌ 186 കായിക പ്രതിഭകളാണ്‌ പങ്കെടുക്കുന്നത്‌. വെള്ളി രാവിലെ പരശുറാം എക്‌സ്‌പ്രസിൽ വടകര, കൊയിലാണ്ടി, കോഴിക്കോട്‌ എന്നിവിടങ്ങളിൽ നിന്നായി കായികതാരങ്ങൾ യാത്രതിരിക്കും. 
സ്‌കൂൾ കായികമേളയുടെ ചരിത്രത്തിലാദ്യമായി പകലും രാത്രിയുമായാണ്‌ ഇക്കുറി മത്സരം. 86 വ്യക്തിഗതം, രണ്ട്‌ ക്രോസ്‌ കൺട്രി, 10 റിലേ   ഉൾപ്പടെ 96 ഇനങ്ങളിലാണ്‌ മത്സരം. എല്ലാ ഇനത്തിലും ജില്ലയിൽനിന്ന്‌  പ്രാതിനിധ്യമുണ്ട്‌. 
ലോങ്‌ ഇവന്റ്‌ ഒഴികെയുള്ള മത്സരങ്ങളിലാണ്‌ കോഴിക്കോടിന്റെ മെഡൽ പ്രതീക്ഷ. ഉഷ സ്‌കൂൾ, മലബാർ സ്‌പോർട്‌സ്‌ അക്കാദമി, നീലേശ്വരം സ്‌പോർട്‌സ്‌ അക്കാദമി എന്നിവിടങ്ങളിൽ പരിശീലിക്കുന്ന പത്ത്‌ ദേശീയതാരങ്ങളും ജില്ലാ കായികമേളയിൽ മിന്നുന്ന പ്രകടനം കാഴ്‌ചവച്ചവരും മെഡൽ വേട്ടയിൽ പ്രതീക്ഷ നൽകുന്നു.  മികച്ച പരിശീലനത്തിന്റെയും പശ്‌ചാത്തല സൗകര്യങ്ങളുടെ അപര്യാപ്‌തയുമായിരുന്നു ജില്ല അഭിമുഖീകരിച്ചിരുന്ന പ്രധാന പ്രശ്‌നം. ഇത്തവണ കായികാധ്യാപകർ തുനിഞ്ഞിറങ്ങിയതോടെ വലിയ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.  
സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധപിടിച്ചുപറ്റിയ പുല്ലൂരാംപാറ സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസിൽ നിന്നാണ്‌ കൂടുതൽ മത്സരാർഥികൾ.  പൂവമ്പായ്‌ എഎംഎച്ച്‌എസ്‌, കുളത്തുവയൽ സെന്റ്‌ ജോർജ്‌ എച്ച്‌എസ്‌എസ്‌, മുക്കം എംകെഎച്ച്‌  എംഎംഒ വിഎച്ച്‌എസ്‌എസ്‌ ഫോർ ഗേൾസ്‌, നിലേശ്വരം ജിഎച്ച്‌എസ്‌എസ്‌, കോഴിക്കോട്‌ മോഡൽ എച്ച്‌എസ്‌എസ്‌, പുറമേരി കടത്തനാട്‌ എച്ച്‌എസ്‌ എസ്‌ വിദ്യാർഥികളാണ്‌ ഇക്കുറി ജില്ലാമേളയിൽ മെഡൽ വാരിക്കൂട്ടിയത്‌. 
സീനിയർ വിഭാഗത്തിൽ സി പി അഭിജിത്ത്, കെ വി ലക്ഷ്‌മി പ്രിയ, പി ടി അനുഗ്രഹ്‌, വി വിഘ്‌നേഷ്‌, വി വിനായക്‌, സ്വാതിക സജീവ്‌, ദേവനന്ദ, ഡോണ മറിയ ഡോണി എന്നിവരും ജൂനിയർ  വിഭാഗത്തിൽ പി അമൽ, എൻ ആദിൽ, ഷാരിക സുനിൽകുമാർ, ടി അനുചന്ദ്‌, മയൂഖ വിനോദ്‌, എയ്ഞ്ചൽ ജെയിംസ്‌,  അശ്വിനി ആർ നായർ, എയ്‌ഞ്ചൽ, കരോളിന മാത്യു, മിൻസാര, പി പി ആദിത്യ, ശ്രീനന്ദ, നന്ദിനി സീതാറാം കസ്‌കർ, സബ് ജൂനിയർ  വിഭാഗത്തിൽ കെ ജെ ഹരികൃഷ്ണ, ദയ മറിയഷിന്റോ  തുടങ്ങിയ നിരയാണ്‌ കളത്തിലിറങ്ങുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top