19 April Friday

കോർപറേഷന്‌ 2.53 കോടി ബാങ്ക്‌ തിരികെ നൽകി: പണം കവർന്നത് മുൻ മാനേജർ, അന്വേഷണം പുരോ​ഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
കോഴിക്കോട്‌> കോർപറേഷന്റെ ബാങ്ക്‌ അക്കൗണ്ടിൽനിന്ന്‌ അനധികൃതമായി പിൻവലിച്ച 2.53 കോടി രൂപ പിഎൻബി ബാങ്ക്‌ തിരികെ നൽകി. ലിങ്ക്‌ റോഡ്‌ ശാഖയിലെ മുൻ മാനേജർ എം പി റിജിൽ ആണ്‌ ക്രമക്കേടിലൂടെ പണം തട്ടിയത്‌. ബാങ്കിന്റെയും കോർപറേഷന്റെയും പരാതിയിൽ റിജിലിനെതിരെ ടൗൺ പൊലീസ്‌  കേസെടുത്തു. ചില രേഖകളുടെ കൂടി പരിശോധന പൂർത്തിയാക്കി ഇയാളെ ഉടൻ അറസ്‌റ്റ്‌ ചെയ്യും. ഇപ്പോൾ സസ്‌പെൻഷനിലാണിയാൾ.   
 
കൂടുതൽ തുക ക്രമക്കേട്‌ നടത്തിയതായി സംശയിക്കുന്നുണ്ട്‌. കോർപറേഷൻ സെക്രട്ടറി നൽകിയ പരാതിയെ തുടർന്ന്‌ നടത്തിയ പരിശോധനയിൽ ഒക്ടോബർ 12, 14, 20, 25, നവംബർ ഒന്ന്, 11, 25 എന്നീ തിയതികളിൽ 2.53 കോടി രൂപ പിൻവലിച്ചതായാണ്‌ കണ്ടെത്തിയത്‌. പ്രാഥമിക പരിശോധനയിൽ അനധികൃതമായി പിൻവലിച്ചെന്ന്‌ ബാങ്ക്‌  കണ്ടെത്തിയ 98,59,556 രൂപ അക്കൗണ്ടിൽ തിരികെ നൽകിയിരുന്നു. പക്ഷേ  ഒന്നര കോടിയിലേറെ രൂപ കൂടി പിൻവലിച്ചതായുള്ള കോർപറേഷന്റെ പരാതിയെ തുടർന്നുള്ള ഓഡിറ്റിലാണ്‌ 2.5 കോടി രൂപ നഷ്‌ടപ്പെട്ടതായി ബാങ്ക്‌ സ്ഥിരീകരിച്ചത്‌.  
 
കോർപറേഷന്റെ 13 അക്കൗണ്ടുകളാണ് പിഎൻബി ബാങ്കിന്റെ  ശാഖയിലുള്ളത്. ഇതിൽ പൂരക പോഷകാഹാര പദ്ധതിയുടെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ കോർപറേഷൻ ചെക്ക് നൽകിയപ്പോഴാണ് അക്കൗണ്ടിലെ പണം തിരിമറി നടത്തിയതായി കണ്ടെത്തിയത്. അക്കൗണ്ടിൽ പണമില്ലെന്ന് കാണിച്ച്‌ ചെക്ക് മടങ്ങുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ കോർപറേഷൻ വിജിലൻസിലും നഗരകാര്യ വിഭാഗം റീജണൽ ജോയിന്റ്‌ ഡയറക്ടർക്കും പരാതി നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top