25 April Thursday
ഇന്ന്‌ ലോക കംപ്യൂട്ടർ സാക്ഷരതാ ദിനം

കണ്ണിൽ ഇരുട്ടാണെങ്കിലും കംപ്യൂട്ടറാണ് ഉമ്മുകുൽസു

മനാഫ് താഴത്ത്Updated: Thursday Dec 2, 2021
 
 
ഫറോക്ക്
ജന്മനാ ഇരുകണ്ണുകളിലും ഇരുട്ടാണെങ്കിലും ഉമ്മു കുത്സുവിന്റെ ജീവിതം കംപ്യൂട്ടറിനൊപ്പമാണ്. കാഴ്ച പരിമിതിയെ കൂസാതെ വിവിധ നാടുകളിലെത്തി കംപ്യൂട്ടറിന്റെ പുത്തൻ സാധ്യതകൾ പരമാവധി സ്വായത്തമാക്കി കാഴ്ചയുള്ളവരെയും ഇല്ലാത്തവരെയും കംപ്യൂട്ടർ സാക്ഷരരാക്കുകയാണിവർ.
താമരശേരി കാവുങ്ങൽ പരേതനായ കിളയിൽ പി കെ അബ്ദുൽ സലാമിന്റെയും ഫാത്തിമയുടെയും മകളായ പി കെ ഉമ്മുകുൽസു കൊളത്തറ കലിക്കറ്റ് വികലാംഗ വിദ്യാലയത്തിലെ കംപ്യൂട്ടർ ഇൻസ്ട്രക്ടറാണ്. നാലുവർഷമായി ഇവിടെ കാഴ്ച, കേൾവി പരിമിതർ, അധ്യാപകർ എന്നിവർക്കെല്ലാം പരിശീലനം നൽകുന്നു.
ടോക്കിങ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കംപ്യൂട്ടറിൽ സാധ്യമായ എന്തഭ്യാസവും പയറ്റും കുത്സു. കംപ്യൂട്ടറിനൊപ്പം പരസഹായമില്ലാതെ ജോലി ചെയ്യുക മാത്രമല്ല, താമരശേരിയിൽ നിന്ന്‌ കോഴിക്കോട് കൊളത്തറയിലെത്തുന്നതും തിരിച്ചു പോകുന്നതും കേരളത്തിനു പുറത്ത് പരിശീലനങ്ങൾക്ക് പോകുന്നതുമെല്ലാം ഒറ്റയ്ക്കു തന്നെ. 
ഒന്നു മുതൽ ഏഴുവരെ കോഴിക്കോട് റഹ്മാനിയാ വികലാംഗ വിദ്യാലയത്തിലും പിന്നീട് കൊളത്തറയിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇവർ ഫാറൂഖ് കോളേജിൽനിന്ന്‌ ഇംഗ്ലീഷിൽ ബിരുദവുമെടുത്തു. തുടർന്ന് ടിടിസിയും കഴിഞ്ഞ്‌ കംപ്യൂട്ടർ പഠനത്തിലും പഠിപ്പിക്കലിലുമായി. ആദ്യം എറണാകുളത്തും പിന്നീട് തിരുവനന്തപുരത്ത് കാഴ്ച പരിമിതർക്കായുള്ള ഇൻസൈറ്റ്  പദ്ധതിയുടെ ഭാഗമായും പരിശീലനം നേടി. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ്‌‌ കുണ്ടായിത്തോട് സെന്ററിൽ പരിശീലകയായി. ബംഗളൂരുവിൽ വിദഗ്ധ പരിശീലനത്തിനു‌ ശേഷമാണ്‌ കൊളത്തറ വികലാംഗ വിദ്യാലയത്തിലെത്തിയത്‌.
പിതാവ് അബ്ദുൽ സലാം, മൂത്ത സഹോദരനും ലോക ചെസ്‌ ചാമ്പ്യനുമായ മുഹമ്മദ് സാലിഹ്, സഹോദരി ആയിശ ബീവി എന്നിവരും ജന്മനാ കാഴ്ച ശേഷിയില്ലാത്തവരാണ്. ഇളയ സഹോദരന്മാരായ അയ്യൂബ്, ഇസ്ഹാഖ് എന്നിവർ മാത്രമാണ് കാഴ്ചയുള്ളവരെങ്കിലും കുടുംബാംഗങ്ങളിൽ ഏറ്റവും ധൈര്യത്തോടെ ഒറ്റയ്ക്ക് നാടുചുറ്റുന്നതിൽ ധൈര്യശാലി കുത്സു തന്നെ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top