25 April Thursday

കാണാതായ ഫോൺ അന്വേഷിച്ചെത്തിയ പൊലീസ് പിടികൂടിയത് വാഷും വാറ്റുപകരണങ്ങളും

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
നാദാപുരം 
കളവുപോയ മൊബൈൽ ഫോൺ കണ്ടെത്താനിറങ്ങിയ 
പൊലീസ് സംഘം എത്തിയത് വ്യാജവാറ്റ് കേന്ദ്രത്തിൽ. ഇവിടെനിന്ന്‌ വാഷും  വാറ്റുപകരണങ്ങളും പിടികൂടി.   ഫോൺ നമ്പർ ഉപയോഗിക്കുന്ന സ്ഥലം കണ്ടെത്തുന്നതിനായി ബുധനാഴ്‌ച  ചുഴലി - കുണ്ട് പൊയിൽ റോഡ് വഴി ടവർ ലൊക്കേഷൻ അന്വേഷിച്ച് ഇറങ്ങിയ    വളയം പൊലീസ്‌  റോഡരികിലെ താൽക്കാലിക ടാർപോളിൻ ഷീറ്റ് മൂടിയ  ഷെഡ് കണ്ട്‌   പരിശോധിച്ചപ്പോഴാണ്‌  ഷെഡിൽ വാറ്റ് ഉപകരണങ്ങൾ കണ്ടത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ റോഡരികിലെ കലുങ്കിനുളളിൽ കന്നാസിലാക്കി സൂക്ഷിച്ച നിലയിൽ വാഷും കണ്ടെത്തി.  വാഷ്  സംഭവസ്ഥലത്തുവച്ചുതന്നെ നശിപ്പിച്ചു. വാറ്റുപകരണങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെനിന്ന് ചാരായം നിർമിച്ച് കടത്തിയതായി  പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്
 വാണിമേലിൽ  ഒരു വീട്ടിൽനിന്നാണ്  ചൊവ്വാഴ്‌ച രാവിലെ വിലകൂടിയ സ്മാർട്ട് ഫോൺ  കാണാതായത്. ഇതേ തുടർന്ന് വീട്ടുകാർ വിവരം വളയം സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.  
 അസുഖബാധിതനാണെന്നും  സാമ്പത്തിക സഹായം അഭ്യർഥിച്ചും ചൊവ്വ രാവിലെ  അജ്ഞാതൻ വാണിമേലിലെ വീട്ടിലെത്തിയിരുന്നു.  ഇയാൾ പോയതിന് 
ശേഷമാണ്  പതിനായിരത്തിലധികം രൂപ വരുന്ന ഫോൺ കാണാതായ വിവരം വീട്ടുകാർ അറിഞ്ഞത്. അജ്ഞാതന്റെ പെരുമാറ്റത്തിൽ നേരത്തെ തന്നെ സംശയം തോന്നിയ വീട്ടമ്മ ഇയാളുടെ ഫോട്ടോ എടുത്തിരുന്നു.  ഫോൺ കണ്ടെത്തുന്നതിന് മൊബൈൽ കമ്പനി അധികൃതരുടെ സഹായവും പൊലീസ് തേടിയിരുന്നു. മോഷ്ടാവ് വാറ്റ് കേന്ദ്രത്തിലെത്തി ചാരായം കഴിച്ച് മടങ്ങിയതാവാമെന്ന നിഗമനത്തിലാണ് പൊലീസ്.  മൊബൈൽ ഫോണിൽനിന്നുള്ള സിഗ്നൽ ഭൂമിവാതുക്കലിൽ കണ്ടെത്തിയതിനെതുടർന്ന് പൊലീസ് സംഘം ഇവിടെയും  പരിശോധന നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top