07 December Thursday
ഇന്ന്‌ ഗാന്ധിജയന്തി

ചരിത്രത്തിന്റെ നേർക്കാഴ്‌ചയായി
‘മഹാത്മാഗാന്ധി കാലവും കർമപർവവും’

സ്വന്തം ലേഖകൻUpdated: Monday Oct 2, 2023
 
 
വടകര
രാജ്യത്തിന്റെ ആത്മാവിൽ കാലാതിവർത്തിയായി വെളിച്ചം പരത്തുന്ന പോരാളിയുടെ   സത്യാന്വേഷണ പരീക്ഷണങ്ങളിലേക്ക്‌ അഞ്ചര വർഷം മുമ്പാണ്‌  പി ഹരീന്ദ്രനാഥ്‌ യാത്ര ആരംഭിച്ചത്‌. ചരിത്രംതേടിയുള്ള യാത്രയിൽ കൂടെ കൂട്ടിയത്‌ നൂറിലേറെ പുസ്‌തകങ്ങളെ. ഒപ്പം അഭിമുഖങ്ങൾ, ചർച്ചകൾ, പ്രഭാഷണങ്ങൾ... ആ യാത്ര ഇന്ന്‌   എത്തിനിൽക്കുന്നത്‌ "മഹാത്മാഗാന്ധി കാലവും കർമപർവവും’ എന്ന പുസ്‌തകത്തിൽ.  വർഷങ്ങളുടെ അധ്വാനവും അന്വേഷണവും മഷിപുരണ്ട ആ താളുകൾ  പ്രകാശനത്തിനൊരുങ്ങുമ്പോൾ  "മഹാത്മാഗാന്ധി കാലവും കർമപർവവും’  പുസ്‌തക ചരിത്രത്തിൽ  പുതിയ ഏടാവുകയാണ്‌. 
      ബഹുസ്വരതയും മതേതരത്വവും ഭീഷണി നേരിടുന്ന വർത്തമാനകാലത്ത്‌  മഹാത്മാഗാന്ധിയുടെ  ജീവിതത്തിന്റെയും   ആശയത്തിന്റെയും മൂല്യം ഓർമപ്പെടുത്തുകയാണ്‌   ചരിത്രകാരനായ പി ഹരീന്ദ്രനാഥൻ രചിച്ച ഈ പുസ്‌തകം. ജനനം മുതൽ 46 വർഷത്തെ ഗാന്ധിജിയുടെ  ജീവിതം സൂക്ഷ്‌മമായി രേഖപ്പെടുത്തിയിട്ടുണ്ട്‌.  
      വിദ്വേഷത്തിന്റെ വിത്തുപാകുന്ന  ഭൂരിപക്ഷ മതാധികാരത്തിന്റെ അധികാര ഭാഷയെ ഇതിൽ വിചാരണ ചെയ്യുന്നു. 420 പേജുള്ള പുസ്‌തകത്തിന്‌  24 അധ്യായങ്ങളുണ്ട്‌. ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഗാന്ധിയൻ ചിന്തകരുടെ നിരവധി ഗ്രന്ഥങ്ങൾ അവലംബമാക്കിയിട്ടുണ്ട്. പ്രമുഖ ചരിത്രകാരന്മാരുമായി അഭിമുഖം, ചർച്ച എന്നിവയും നടത്തി. അഞ്ചര വർഷം രാവും പകലുമെന്നോണം  ഈ പുസ്‌തകത്തിനായി ചെലവഴിച്ചു.  ‘ മൂലധനത്തെയും വർഗീയതയെയും കൂട്ടുപിടിച്ച്‌  ദേശീയവാദത്തിന്റെ മുഖം മൂടിയണിഞ്ഞ്, ബഹുസ്വരതയെ തകർക്കാനിറങ്ങുന്ന ഇക്കാലത്ത് ഗാന്ധിയൻ ദർശനങ്ങൾ സമരായുധമാണെന്ന്’  ഗ്രന്ഥകാരൻ പറയുന്നു. 
      അംഗീകാരങ്ങൾ നേടിയ  ‘ഇന്ത്യ ഇരുളും വെളിച്ചവും’   ചരിത്ര ഗ്രന്ഥവും രചിച്ചിട്ടുണ്ട്‌. സംഗീത നാടക അക്കാദമി മുൻ വൈസ് ചെയർമാൻ അന്തരിച്ച എം സി അപ്പുണ്ണി നമ്പ്യാരുടെ മകനാണ് ഹരീന്ദ്രനാഥ്.  അച്ഛന്റെ പേരിലുള്ള  ട്രസ്റ്റ് ആണ്‌  പുസ്‌തകം  പ്രസിദ്ധീകരിക്കുന്നത്‌.  നവംബർ  അഞ്ചിന്‌  വൈകിട്ട് നാലിന്‌ വടകര ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ   കന്നഡ എഴുത്തുകാരൻ കെ എസ് ഭഗവാൻ പുസ്‌തകം  പ്രകാശിപ്പിക്കും.  കെ പി ശങ്കരൻ ഏറ്റുവാങ്ങും. സുനിൽ പി ഇളയിടം പുസ്തകം പരിചയപ്പെടുത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
-----
-----
 Top