കോഴിക്കോട്
പരിസരശുചിത്വം ഉറപ്പാക്കാൻ കൈകോർത്തിറങ്ങി നാട്. വീടും റോഡും പൊതുഇടങ്ങളും മാലിന്യമുക്തമാക്കാൻ ഗ്രാമ–-നഗര വ്യത്യാസമില്ലാതെ ആളുകൾ ഒന്നിച്ചിറങ്ങി. കാട് വെട്ടിയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നീക്കിയും വൃത്തിയുടെ പാഠങ്ങൾ പകരാനുള്ള നാടിന്റെ ഉദ്യമത്തിന് മഴ തടസ്സമായില്ല.
സ്വച്ഛത ഹി സേവ, മാലിന്യമുക്ത നവകേരളം രണ്ടാംഘട്ടം എന്നീ ക്യാമ്പയിനുകളുടെ ഭാഗമായാണ് ഞായറാഴ്‌ച ശുചീകരണം നടന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാർഡുതലത്തിൽ 2000 സ്ഥലങ്ങളിൽ ശുചീകരണം നടന്നു. റസിഡന്റ്‌സ് അസോസിയേഷനുകൾ, കുടുംബശ്രീകൾ, മറ്റു സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
ശുചീകരണത്തിൽ വിദ്യാർഥികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അണിചേർന്നു. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി രണ്ടിന് തദ്ദേശ സ്ഥാപനതലത്തിൽ തീവ്ര ശുചീകരണം നടക്കും. 10 വരെ ക്യാമ്പയിൽ പ്രവർത്തനം തുടരും.
നാദാപുരം
ഗാന്ധിജയന്തിയോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്രയുടെ ക്യാച്ച് ദി റൈൻ പരിപാടി ഭാഗമായി നടത്തുന്ന സ്വച്ഛ് ഭാരത് ഹി സേവ ക്ലീനിങ് രണചേതന കലാ കായികവേദി ഇയ്യങ്കോടിന്റെ നേതൃത്വത്തിൽ നടത്തി. തൂണേരി ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു. ടി കെ സുജിൽ
അധ്യക്ഷനായി. കെ കെ സുബിൻ, ടി കെ അനീഷ് എന്നിവർ സംസാരിച്ചു.
ചെക്യാട് പഞ്ചായത്ത് മൂന്നാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളും അരീക്കരക്കുന്ന് ബിഎസ്എഫ് 131 ബറ്റാലിയനും ചേർന്ന് കയലോട്ടുതാഴെ ശുചീകരണ പ്രവർത്തനം നടത്തി. മൂന്നാം വാർഡ് അംഗം കെ ബീജ ഉദ്ഘാടനംചെയ്തു.
നാദാപുരം ഗവ. യുപി സ്‌കൂൾ പിടിഎയും ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരണ പ്രവർത്തനം നടത്തി. സി കെ നാസർ ഉദ്ഘാടനംചെയ്തു. പിടിഎ ഭാരവാഹികളായ വി കെ സലീം, ടി ബാബു, എം എം അനില്‍കുമാര്‍, പ്രധാനാധ്യാപകൻ കെ കെ രമേശന്‍ എന്നിവർ സംസാരിച്ചു.
വടകര
വള്ളിക്കാട് കോമുള്ളി കുന്ന് പ്രദേശത്ത് സംഘടനകളും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും ശുചീകരണം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..