24 April Wednesday

വിടവാങ്ങൽ പോലെ ആ പ്രസംഗം

പി പി സതീഷ്‌കുമാർUpdated: Sunday Oct 2, 2022

വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം 2022 മാർച്ച്‌ 22ന്‌ സിപിഐ എം കോഴിക്കോട്‌ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ കോടിയേരി ബാലകൃഷ്‌ണനെ ജില്ലാ സെക്രട്ടറി പി മോഹനൻ സ്വീകരിക്കുന്നു (ഫയൽചിത്രം)

കോഴിക്കോട്
‘സഖാക്കളെ,  കുറച്ചുകാലമായി ഒരു മാരകരോഗം ബാധിച്ചിരിക്കുകയാണ്‌. രക്തപരിശോധനയിലാണ്‌ രോഗം കണ്ടെത്തിയത്‌. ചികിത്സ തുടങ്ങി, പാർടി  അവധിയും അനുവദിച്ചു. എങ്കിലും ഇതൊരു ചരിത്രഘട്ടമാണ്‌. കേരളം വിജയിക്കേണ്ട പോരാട്ടമാണിത്. തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിൽ പങ്കാളിയാകാതിരുന്നാൽ വലിയ വേദനയും പ്രയാസവുമുണ്ടാക്കും.
നിങ്ങളൊക്കെയും ഇങ്ങനെ പ്രവർത്തിക്കുമ്പോൾ മാറിനിൽക്കാൻ എനിക്കാവില്ല.   ഇതാദ്യമായാണ് ഒരു തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുനിന്ന് വിട്ടുനിൽക്കേണ്ടിവരുന്നത്. പക്ഷേ, എനിക്കതിനാവുന്നില്ല. നിങ്ങളുടെ പ്രവർത്തനം അതിനെയെല്ലാം മറികടക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇനിയും ഇതുപോലെ ഒരു പൊതുയോഗത്തിൽ നിങ്ങളോട് സംസാരിക്കാനോ കാണാനോ കഴിയുമോ എന്ന് എനിക്കറിയില്ല. ഇനി വിജയത്തിന് ശേഷം നമുക്ക് കാണാം’ - കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ ഏപ്രിൽ അവസാനം കുറ്റ്യാടി മണ്ഡലത്തിലെ കോട്ടപ്പള്ളിയിലും വടകര മണ്ഡലത്തിലെ പുതുപ്പണത്തും നടന്ന എൽഡിഎഫ് റാലികളിൽ കോടിയേരി ബാലകൃഷ്ണൻ പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.
സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാനാവാത്തവിധം സഖാവിനെ രോഗം കീഴടക്കിയെന്ന് പാർടിപ്രവർത്തകർ തിരിച്ചറിഞ്ഞത് ‘വിടവാങ്ങൽ' പ്രസംഗത്തിന്റെ വൈകാരികതയത്രയും ഉണ്ടായിരുന്ന പൊതുപരിപാടിയിലാണ്. രാഷ്ട്രീയമൊന്നും അധികം പറയാതിരുന്ന ഹ്രസ്വമായ പ്രസംഗത്തിൽ ഈ തെരഞ്ഞെടുപ്പ് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് പറയാനാണ് കോടിയേരി ശ്രമിച്ചത്.  കേട്ടിരുന്നവരിൽ പലരും പ്രസംഗശേഷം അരികിലെത്തി രോഗവിവരങ്ങൾ തിരക്കുന്നുണ്ടായിരുന്നു.
"ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കരുതെന്നാണ് പാർടി എന്നോട് ആവശ്യപ്പെട്ടത്. ഈ തെരഞ്ഞടുപ്പിന്റെ പ്രാധാന്യം നിങ്ങൾക്കറിയാം. ഏത് രോഗാവസ്ഥയിലും മാറിനിൽക്കാൻ എനിക്കാവില്ല. ഇനി തെരഞ്ഞടുപ്പിന് മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. നിങ്ങളുടെ ഊർജസ്വലമായ പ്രവർത്തനം എൽഡിഎഫിന് തുടർഭരണം സമ്മാനിക്കുമെന്ന് ഉറപ്പുണ്ട്’ - ഈ ശുഭാപ്തി വിശ്വാസത്തോടെയാണ് കോടിയേരി അന്ന് പ്രസംഗം അവസാനിപ്പിച്ചത്.   രോഗത്തിന്റെ പ്രയാസങ്ങൾ തുറന്നുപറയുമ്പോഴും കോടിയേരിക്ക്‌ ഒട്ടും തളർച്ചയുണ്ടായിരുന്നില്ല. രാഷ്‌ട്രീയ പോരാട്ടത്തിനുമുന്നിൽ വ്യക്തിപരമായ എല്ലാ പ്രയാസങ്ങളും മാറ്റിവച്ച്‌ രംഗത്തിറങ്ങണമെന്ന  കോടിയേരിയുടെ വാക്കുകൾ പ്രവർത്തകരെ വികാരഭരിതരാക്കി.
 
കോഴിക്കോടുമായി എന്നും ഊഷ്‌മള ബന്ധം
കോഴിക്കോട്‌
വിദ്യാർഥി രാഷ്ട്രീയ  പ്രവർത്തനകാലം മുതൽ കോടിയേരി ബാലകൃഷ്ണന്‌ കോഴിക്കോടുമായുള്ളത്‌ ഊഷ്‌മളബന്ധം.  അന്നുണ്ടായിരുന്ന സൗഹൃദങ്ങൾപ്പോലും ഇഴയറ്റുപോകാതെ സൂക്ഷിച്ചിരുന്നു. ദേശാഭിമാനി കോഴിക്കോട്‌ യൂണിറ്റുമായുള്ള ബന്ധവും അവസാനകാലംവരെ നിലനിർത്തി.  
കഴിഞ്ഞ മാർച്ച്‌ 11ന്‌ കോഴിക്കോട്ടെത്തിയപ്പോൾ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച്‌ കണാരൻ മന്ദിരം  സന്ദർശിച്ചശേഷം വൈകിട്ട്‌ കോൺവെന്റ്‌ റോഡിലുള്ള ദേശാഭിമാനി ഓഫീസിലെത്തി.  ജീവനക്കാരോടെല്ലാം സുഖവിവരങ്ങളാരാഞ്ഞു സൗഹൃദം പങ്കിട്ടാണ്‌ മടങ്ങിയത്‌. ഓഫീസ്‌ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞശേഷം എൺപതാം വർഷത്തിലെത്തിയ ദേശാഭിമാനിക്ക്‌ മനോഹരമായ കെട്ടിടം നിർമിക്കണമെന്ന നിർദേശവും നൽകിയാണ്‌ കോടിയേരി മടങ്ങിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top