19 April Friday

വരുന്നു, വയോജന ബാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

:വയോജന ദിനത്തിൽ കോർപറേഷന്റെ നോളേജ് ആൻഡ് സ്‌കിൽ ബാങ്ക് രൂപീകരണം ഉദ്‌ഘാടനം ചെയ്യാനെത്തിയ 
ഡോ. ടി എം തോമസ് ഐസക് വയോജനങ്ങൾക്കൊപ്പം, ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ് സമീപം

കോഴിക്കോട്‌
മുതിർന്ന പൗരന്മാരുടെ അനുഭവ സമ്പത്തും വൈദഗ്‌ധ്യവും പ്രയോജനപ്പെടുത്തി  ‘നോളജ് ആൻഡ് സ്‌കിൽ' ബാങ്ക്‌ ഒരുങ്ങുന്നു. കോഴിക്കോട്‌ കോർപറേഷൻ ആവിഷ്‌കരിച്ച  രാജ്യത്തിന്‌ മാതൃകയാകുന്ന പദ്ധതി വയോജനദിനത്തിൽ മുൻ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനംചെയ്‌തു.  മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്ത് പദ്ധതി ആസൂത്രണത്തിലും നടത്തിപ്പിലും  ക്രിയാത്മകമായി പ്രയോജനപ്പെടുത്തുകയാണ്‌ ലക്ഷ്യം.   
  കർഷകർ, തൊഴിലാളികൾ, അധ്യാപകർ, എൻജിനിയർമാർ, ശാസ്ത്രജ്ഞർ തുടങ്ങി വിവിധ മേഖലകളിലെ  വിദഗ്‌ധരായ വിരമിച്ചവരേയും നിലവിലുള്ളവരേയും  ഉപയോഗപ്പെടുത്തും.  സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻപോലുള്ള സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കും. വിദഗ്ധരുടെ പട്ടിക കോർപറേഷൻ തയ്യാറാക്കുന്നുണ്ട്. അറുപതിന് മുകളിൽ പ്രായമുള്ളവരെയാണ് ഉൾപ്പെടുത്തുന്നത്. നിലവിൽ മുന്നൂറോളം പേരുണ്ട്. കോർപറേഷൻ പദ്ധതി രൂപീകരണം, സാമൂഹിക പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇവരുടെ നിർദേശങ്ങളും കഴിവുകളും പ്രയോജനപ്പെടുത്തും. 
കോഴിക്കോട്‌  വയോജന സൗഹൃദ  നഗരമാകും
 കോഴിക്കോടിനെ വയോജന സൗഹൃദ നഗരമാക്കി മാറ്റും. അവർ അഭിമുഖീകരിക്കുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങൾക്കും പദ്ധതിയിലൂടെ പരിഹാരം കാണും. 
     ഓരോ വാർഡിലും വയോജനങ്ങളെ ഉൾപ്പെടുത്തി അയൽപക്ക കമ്മിറ്റികൾ രൂപീകരിക്കും. 35 വാർഡുകളിൽ കമ്മിറ്റിയായി. മറ്റിടങ്ങളിൽ ഡിസംബറിൽ പൂർത്തിയാകും. വയോജന ക്ഷേമപദ്ധതികൾ ആസൂത്രണംചെയ്‌ത്‌ നടപ്പാക്കും. നഗരസഭാ പരിധിയിൽ ആറ്‌ പകൽവീടുകളുണ്ട്‌. ഇത്‌ വിപുലമാക്കും. 
ടൗൺഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ അധ്യക്ഷനായി. സ്ഥിരംസമിതി ചെയർമാൻമാരായ പി സി രാജൻ, കൃഷ്‌ണകുമാരി, സെക്രട്ടറി കെ യു ബിനി എന്നിവർ സംസാരിച്ചു. കോർപറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി ദിവാകരൻ സ്വാഗതം പറഞ്ഞു.
മനുഷ്യവിഭവശേഷിയെ വികസന 
സ്വപ്‌നങ്ങളുമായി കണ്ണിചേർക്കണം: ഐസക്‌
കോഴിക്കോട്‌
നവകേരള സങ്കൽപ്പം യാഥാർഥ്യമാക്കാൻ കേരളത്തിന്റെ സമൃദ്ധമായ മനുഷ്യവിഭവശേഷിയെ നാടിന്റെ വികസനപദ്ധതികളുമായി കണ്ണിചേർക്കണമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. കോർപറേഷൻ നോളജ്‌ ആൻഡ്‌ സ്‌കിൽ ബാങ്ക്‌ രൂപീകരണയോഗം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
ജനകീയാസൂത്രണമാണ്‌ കേരളത്തിൽ ജനകീയ പങ്കാളിത്തത്തിന്റെ മാതൃകതീർത്തത്‌. അതിന്റെ പാഠങ്ങൾ ഉൾക്കൊള്ളണം. വയോജന ബാങ്ക്‌ എന്ന ആശയം രാജ്യത്തിനുതന്നെ മാതൃകയാണ്‌.  
സബ്‌സിഡി തട്ടിയെടുക്കാൻ ലക്ഷ്യമിട്ടാണ്‌ പലപ്പോഴും ഇത്തരം പദ്ധതികൾ ആവിഷ്‌കരിക്കുന്നത്‌. ഇത്‌ മാറണം. സാങ്കേതിക രംഗത്തെ സാധ്യതകളും ശാസ്‌ത്രീയ പരിശീലനവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top