ഫറോക്ക്
ബേപ്പൂർ തുറമുഖത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുങ്ങി കൂടുതൽ ഭൂമി ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു. വാർഫ് ബേസിൻ, കപ്പൽചാൽ ആഴക്കുറവ്, വാർഫ് അസൗകര്യം എന്നീ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് സ്ഥലം ഏറ്റെടുക്കൽ. സിൽക്കിന് പാട്ടത്തിന് നൽകിയ ഭൂമിയിൽ രണ്ടര ഏക്കറോളം ഉടൻ തുറമുഖത്തിനായി തിരിച്ചെടുക്കും. ലക്ഷദ്വീപ് ചരക്ക് കയറ്റിറക്കിനും യാത്രാ കപ്പൽ ആവശ്യങ്ങൾക്കും പ്രത്യേക സൗകര്യങ്ങളും ഡെഡിക്കേറ്റഡ് ബർത്ത് നിർമാണത്തിനും പദ്ധതിയുണ്ട്.
27 കോടി രൂപ മുടക്കി നേരത്തെ ഏറ്റെടുത്ത 3.83 ഏക്കർ കോവിലകം ഭൂമിയിൽ കണ്ടെയ്നർ സംഭരണ കേന്ദ്രവും അനുബന്ധ സൗകര്യങ്ങളുമൊരുക്കും. സർക്കാർ ബജറ്റിൽ അനുവദിച്ച 15 കോടി വിനിയോഗിച്ചാകും വികസന പദ്ധതികൾക്ക് തുടക്കം.
ഭൂമി ലഭിക്കുന്നതോടെ ലക്ഷദ്വീപിന്റെ ഫണ്ട് വിനിയോഗിച്ച് അവർക്കുള്ള സൗകര്യങ്ങളും ഒരുക്കും. വിശദ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ല.തുറമുഖത്തെ ഡ്രഡ്ജിങ്ങിനും 155 മീറ്റർ പുതിയ വാർഫ് നിർമാണത്തിനും
വൈകാതെ ടെൻഡർ ക്ഷണിക്കും. തുറമുഖ വകുപ്പ് 1979ൽ സിൽക്ക് കപ്പൽ പൊളിശാലക്ക് പാട്ടത്തിന് നൽകിയ ഭൂമി തിരിച്ചെടുക്കാനും സിൽക്കിന് ആവശ്യമായത് മാത്രം നൽകാനും കഴിഞ്ഞമാസം മന്ത്രി പി എ മുഹമ്മദ് റിയാസ് വിളിച്ച യോഗത്തിൽ തീരുമാനിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകി. ഇതനുസരിച്ച് സിൽക്കിന് 40 മീറ്റർ നദിക്കര (വാട്ടർഫ്രൻഡ്) യടക്കം 80 സെന്റ് ലഭിക്കും. വാർഫ് ബേസിനും കപ്പൽ ചാലും ആഴം കൂട്ടുമ്പോൾ ലഭിക്കുന്ന മണൽ ഉപയോഗിച്ച് നികത്തുന്ന അര ഏക്കറോളം സിൽക്കിന് ഉപയോഗപ്പെടുത്താനാകുമെന്ന് പോർട്ട് ഓഫീസർ ക്യാപ്റ്റൻ കെ അശ്വനി പ്രതാപ് പറഞ്ഞു.സിൽക്കിന് പാട്ടത്തിന് നൽകിയ 5.53 ഏക്കറിൽ 2.25 ഏക്കർ നേരത്തെ കോസ്റ്റ് ഗാർഡ് സ്റ്റേഷനുവേണ്ടി ഏറ്റെടുത്തിരുന്നു. പാട്ടക്കാലാവധി 17 വർഷം മുമ്പ് അവസാനിച്ചതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..