19 April Friday

കേന്ദ്ര സംഘം ജില്ലയിലെ 
സ്ഥിതിഗതി വിലയിരുത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

  കോഴിക്കോട്‌

 കോവിഡ് സ്ഥിതിഗതി വിലയിരുത്താൻ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച പഠന സംഘാംഗങ്ങൾ ജില്ലയിലെത്തി. കലക്ടറേറ്റിൽ  കലക്ടർ ഡോ. എൻ  തേജ് ലോഹിത് റെഡ്ഡിയുമായും   ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.  കലട്രേറ്റിലെ കോവിഡ്‌ കൺട്രോൾ റൂം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി, ചാലിയം എഫ്‌എച്ച്‌സി , ചെറുവണ്ണൂർ, തലക്കുളത്തൂർ എഫ്‌എച്ച്‌സി എന്നിവിടങ്ങൾ സന്ദർശിച്ചു.   
   നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര സംഘം ആവശ്യപ്പെട്ടതായി കലക്ടർ അറിയിച്ചു. ടിപിആർ  ഉയർന്നതിൽ  ആശങ്ക രേഖപ്പെടുത്തിയ സംഘം  പരിശോധന  കൂട്ടാൻ നിർദേശിച്ചു. വാക്സിൻ വിഹിതം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത കലക്ടർ   ശ്രദ്ധയിൽപെടുത്തി. ഈ  ആവശ്യം കേന്ദ്ര സർക്കാരിനെ അറിയിക്കാമെന്ന് ഉറപ്പ് നൽകി. കൂടുതൽ എഫ്‌എൽടിസികൾ തുറക്കാനും നിർദേശിച്ചതായി കലക്ടർ പറഞ്ഞു. 
     കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഡി എം സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി രവീന്ദ്രൻ,  കോഴിക്കോട് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അഡീഷണൽ ഡയറക്ടർ ഡോ. കെ  രഘു എന്നിവരാണ്  ജില്ലയിലെത്തിയത്‌.  കോവിഡ് വ്യാപന നിരക്കും  പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സാ സംവിധാനങ്ങളും വാക്സിനേഷൻ പുരോഗതിയും സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതർ വിശദീകരിച്ചു.  
അതിനിടെ  ചാലിയം എഫ്‌എച്ച്‌സിയിലെത്തിയപ്പോൾ യുഡിഎഫ്‌ പ്രവർത്തകർ വാക്‌സിൻ വിതരണത്തിന്റെ പേരിൽ പ്രതിഷേധിച്ച്‌  നാടകീയ രംഗങ്ങളുണ്ടാക്കി. 
യോഗത്തിൽ അഡീഷണൽ ഡിഎംഒമാരായ ഡോ. എം പീയൂഷ്, ഡോ. എൻ രാജേന്ദ്രൻ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ  ഡോ. എ നവീൻ, ആർസിഎച്ച് ഓഫീസർ ഡോ. മോഹൻദാസ്, നോഡൽ ഓഫീസർ ഡോ. അനുരാധ, കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ എസ്‌ ഗോപകുമാർ, വിവിധ നോഡൽ ഓഫീസർമാർ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top