പേരാമ്പ്ര
നഗരം ദിവസേന പുറന്തള്ളുന്ന കുന്നോളം മാലിന്യമാണ് പേരാമ്പ്രയുടെ പ്രതിസന്ധി. വലിച്ചെറിഞ്ഞ മാലിന്യം ചീഞ്ഞളിഞ്ഞുകിടക്കുന്ന കാഴ്‌ചയാണ് പലയിടത്തും. മൂന്ന് കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ടൗണിൽ മാത്രം മൂവായിരത്തിനടുത്ത് വ്യാപാരകേന്ദ്രങ്ങളുണ്ട്. പഞ്ചായത്തിനെ ശ്വാസംമുട്ടിക്കുന്നത് ശാസ്‌ത്രീയ മാലിന്യസംസ്‌കരണത്തിൽ നേരിടുന്ന പ്രയാസമാണ്.
വരുമാനത്തിലും വ്യാപാര മേഖലയിലും മുൻപന്തിയിലുള്ള പഞ്ചായത്താണിത്. ടൗണിന്റെ മധ്യത്തിലൂടെയാണ് മരക്കാടി തോട് ഒഴുകുന്നത്. ഇറച്ചിക്കടകളിലും മത്സ്യമാർക്കറ്റിൽനിന്നുമുള്ള മാലിന്യം പലരും തള്ളുന്നത് തോട്ടിലാണ്. വീട്ടുകാരും മാലിന്യം കെട്ടുകളാക്കി വലിച്ചെറിയുന്നതും ഇവിടേക്കാണ്. 50 മൈക്രോണിൽ കുറവുള്ള പ്ലാസ്റ്റിക്കിന്റെ നിരോധനം കർശനമായി നടപ്പാവാത്തതും മാലിന്യപ്പെരുപ്പമുണ്ടാക്കുന്നു.
വ്യാപാരസ്ഥാപനങ്ങളുടെ വർധനയും അതുമൂലം സ്വാഭാവികമായി ഉണ്ടാകാനിടയുള്ള മാലിന്യപ്രശ്നവും പരിഗണിച്ചാണ് 1990ൽ കെ കുഞ്ഞമ്മത് പ്രസിഡന്റായിരിക്കെ ചേർമലയിൽ രണ്ട് ഏക്കർ വിലയ്‌ക്കെടുത്തത്. ഇവിടെ ശാസ്‌ത്രീയ മാലിന്യ സംസ്കരണ സംവിധാനം ആരംഭിക്കാനിരിക്കെ യുഡിഎഫും ബിജെപിയും എതിർപ്പുയർത്തിയതോടെ പ്രവർത്തനം മുടങ്ങി.
കഴിഞ്ഞ ഭരണ സമിതി പേരാമ്പ്ര പഴയ മാർക്കറ്റിനടുത്ത് മാലിന്യ സംഭരണ കേന്ദ്രമായ എംസിഎഫ് ആരംഭിച്ചിട്ടുണ്ട്.
ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് വിൽക്കുന്നതിലൂടെ ചെറു വരുമാനവുമുണ്ട്. മുൻവർഷങ്ങളിൽ നഗരമാലിന്യം നീക്കാനായി ലക്ഷങ്ങളാണ് പഞ്ചായത്ത് ചെലവഴിച്ചിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..