20 April Saturday

ഉണ്ണികുളത്ത് പ്രകൃതിവാതകമെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
ബാലുശേരി
ജില്ലയിലെ സിറ്റിഗ്യാസ് പദ്ധതിയുടെ പ്രധാന വിതരണകേന്ദ്രമായ ഉണ്ണികുളത്തെ ഗേറ്റ് സ്റ്റേഷനിൽ പ്രകൃതിവാതകമെത്തി. ഗെയി‌ലിന്റെ കൊച്ചി മംഗളൂരു പ്രധാന പൈപ്പിലൂടെയാണ് ഇവിടേക്കുള്ള വിതരണം നടന്നത്. ഒന്നാംഘട്ടത്തിന്റെ ഭാഗമായുള്ള 25 കിലോമീറ്റർ സ്റ്റീൽ പൈപ്പ്‌ലൈൻ പദ്ധതി ഉണ്ണികുളം മുതൽ കുന്നമംഗലംവരെ പ്രവൃത്തി പൂർത്തിയാക്കി കമീഷൻ ചെയ്യാനുള്ള നടപടി പുരോഗമിക്കുന്നു.ഉണ്ണികുളം പഞ്ചായത്തിൽ പണി പുരോഗമിക്കുന്ന സിറ്റിഗേറ്റ് സ്റ്റേഷനോട് ചേർന്നുള്ള പ്രകൃതിവാതകം നിറയ്ക്കുന്ന സ്റ്റേഷനുപുറമെ എസ്റ്റേറ്റ് മുക്കിലെ എസ്ആർഎസ് ലുലു, പൂനൂരിലുള്ള വളപ്പിൽ പെട്രോളിയം, കൊടുവള്ളി കിംസ് ആശുപത്രിക്ക്‌ എതിർഭാഗം എന്നീ സ്റ്റേഷനുകളും ടാങ്കറുകളിലേക്ക് ഇന്ധനം നിറയ്ക്കാൻ പറ്റുന്ന മദർ സ്റ്റേഷനുകളാണ്. 
സിറ്റിഗേറ്റ് സ്റ്റേഷനും മദർ സ്റ്റേഷനുകളും പൂർത്തീകരിച്ച് കോഴിക്കോട്, വയനാട് ജില്ലകളിലെ നാച്വറൽ ഗ്യാസ് ഫില്ലിങ് സ്റ്റേഷനുകളിലേക്ക്‌ ആവശ്യമായവ പൂർണമായും കോഴിക്കോട്ടുനിന്ന്‌ നിറക്കാനാണ്‌ ലക്ഷ്യമിടുന്നത്. ഇതിലൂടെ കോഴിക്കോട്ടെ ഇന്ധനക്ഷാമത്തിന് പൂർണപരിഹാരമാകും. ഇപ്പോൾ പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് ടാങ്കറുകളിൽ ഇന്ധനം നിറയ്ക്കുന്നത്.
നിലവിൽ കമീഷൻചെയ്‌ത 10 സിഎൻജി  സ്റ്റേഷനിൽ എട്ടെണ്ണം വഴി വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നുണ്ട്. ഉടൻ വിതരണം തുടങ്ങാവുന്ന രീതിയിൽ രണ്ട്‌ സ്റ്റേഷനുകളുടെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. മറ്റ്‌ പത്തോളം സ്റ്റേഷനുകളിലും പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നുണ്ട്. പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 48 കിലോമീറ്റർ സ്റ്റീൽ പൈപ്പ്‌ലൈൻ സ്ഥാപിച്ചത് കോവൂർ- വെള്ളിമാട്കുന്ന് റോഡിലൂടെയും പാവങ്ങാട് നടക്കാവ് റോഡിലൂടെയുമാണ്.വീടുകളിലേക്ക് പാചകവാതകം എത്തിക്കാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. 2023 ഒക്ടോബറോടെ പൂർണമായും കമീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.ഗേറ്റ് സ്റ്റേഷനിൽ ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദിര ഏറാടിയിൽ കമീഷൻചെയ്തു. വൈസ് പ്രസിഡന്റ്‌ നിഖിൽ രാജ് അധ്യക്ഷനായി. കൊച്ചി ഗെയിൽ ജനറൽ മാനേജർ എം ബിജു, ഡെപ്യൂട്ടി ജനറൽ മാനേജർ ഇ കെ രാജീവ്, അദാനി ഗ്യാസ് പ്രതിനിധി ബിനൂജ് എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top