27 April Saturday

ഒന്നാം പാഠമാണ്‌ തുല്യത

സ്വന്തം ലേഖകൻUpdated: Friday Jun 2, 2023

ലിംഗവിവേചനമില്ലാതെ പ്രവേശനം അനുവദിച്ച പന്തലായനി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവത്തിലേക്ക്‌ മകനും മകളുമായി എത്തുന്ന അമ്മ

കോഴിക്കോട്‌ 
ആണും പെണ്ണുമെന്ന വേർതിരിവിനെ മായ്‌ച്ചുകളഞ്ഞ്‌ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ്‌ ഈ വിദ്യാലയങ്ങൾ. ലിംഗവിവേചനമില്ലാതെ പ്രവേശനം അനുവദിച്ച്‌ സർക്കാർ ഉത്തരവിറക്കിയ പട്ടികയിൽ ആറ്‌ വിദ്യാലയങ്ങളുണ്ട്‌. ഇവ  ഉൾപ്പെടെ പത്തിലേറെ  വിദ്യാലയങ്ങളിലാണ്‌ സമീപവർഷങ്ങളിലായി ഈ മാറ്റം സാധ്യമായത്‌. 
കോഴിക്കോട്‌ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, ബാലുശേരി ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി, കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി, കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി, മടപ്പള്ളി ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി, മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി, ബാലുശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി, പറയഞ്ചേരി ഗവ. ബോയ്‌സ്‌ ഹൈസ്‌കൂൾ തുടങ്ങിയ വിദ്യാലയങ്ങളാണ്‌ ഈ പട്ടികയിലുള്ളത്‌. 
137 വർഷത്തെ പ്രവർത്തന ചരിത്രമുള്ള ചാലപ്പുറം ഗവ. ഗണപത്‌ ബോയ്‌സിൽ ഇത്‌ ആറാം വർഷമാണ്‌ പെൺകുട്ടികൾ പ്രവേശനം നേടുന്നത്‌. 1886ൽ ആരംഭിച്ച വിദ്യാലയത്തിൽ 1957 വരെ എല്ലാവർക്കും പ്രവേശനം അനുവദിച്ചിരുന്നു. ഗവ. ഗണപത്‌ ഗേൾസ്‌ സ്‌കൂൾ പ്രത്യേകമായി ആരംഭിച്ചതോടെയാണ്‌ ഇവിടെ ആൺകുട്ടികൾ മാത്രമായത്‌. 
രക്ഷിതാക്കളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും അഭ്യർഥനയെ തുടർന്നാണ്‌ രണ്ടുവർഷം മുമ്പ്‌ ലിംഗവിവേചനമില്ലാതെ പ്രവേശനം അനുവദിക്കാൻ സർക്കാർ തീരുമാനമായത്‌. ആദ്യമായി പ്രവേശനം നേടിയ 14 പെൺകുട്ടികൾ ഈ വർഷമാണ്‌ എസ്‌എസ്‌എൽസിയിൽ നൂറുശതമാനം സമ്മാനിച്ച്‌ സ്‌കൂളിൽനിന്ന്‌ പടിയിറങ്ങിയത്‌. ഈ വർഷം നൂറിനടുത്ത്‌ പെൺകുട്ടികൾ ഗണപതിലുണ്ട്‌. 
ബാലുശേരി ഗവ. ഗേൾസിൽ അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലായി നാൽപ്പതോളം ആൺകുട്ടികൾ പ്രവേശനം നേടി. നാൽപ്പതുവർഷത്തെ ചരിത്രം തിരുത്തി കഴിഞ്ഞ വർഷമാണ്‌ ഇവിടെ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചത്‌. ഹയർസെക്കൻഡറിയിൽ 2004 മുതൽ ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്‌. 
കൊയിലാണ്ടി ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂൾ കഴിഞ്ഞ വർഷമാണ്‌ പേരുമാറ്റത്തിലൂടെ പന്തലായനി ഗവ. ഹയർസെക്കൻഡറി ആയി മാറിയത്‌. കഴിഞ്ഞ വർഷം 177 ആൺകുട്ടികളും ഇത്തവണ 168 ആൺകുട്ടികളും പ്രവേശനം നേടി. കൊയിലാണ്ടി ഗവ. ബോയ്‌സ്‌ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ചുവർഷമായി ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുന്നു. 
സ്‌കൂളിന്റെ പേര്‌ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നാക്കിയിട്ടുണ്ട്‌.  
മടപ്പള്ളി ഗേൾസ്‌ ഹയർസെക്കൻഡറി നിലവിൽ അറിയപ്പെടുന്നത്‌ മടപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്‌കൂളായാണ്‌. അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിൽ ആണും പെണ്ണുമായി 780 വിദ്യാർഥികളുണ്ട്‌. ബോയ്‌സ്‌ സ്‌കൂളായിരുന്ന ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറിയിലും ആൺപെൺ ഭേദമില്ലാതെയാണ്‌ പഠനം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top