25 April Thursday

ജലജീവൻ മിഷന്‌ 
602.69 കോടിയുടെ അനുമതി

സ്വന്തം ലേഖകൻUpdated: Friday Jun 2, 2023
 
കോഴിക്കോട്‌
ജില്ലയിൽ ഗ്രാമീണമേഖലയിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള ജലജീവൻ മിഷൻ പൂർത്തീകരണത്തിന്‌ ആവശ്യമായ 602.69 കോടി രൂപ ജില്ലാ ശുചിത്വ മിഷൻ യോഗം വകയിരുത്തി. പഞ്ചായത്തുകളിൽ പുതുതായി നൽകേണ്ട കുടിവെള്ള കണക്ഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കാണ്‌ തുക വകയിരുത്തിയത്. റോഡുകളുടെ പുനർനിർമാണത്തിനും ഉയർന്ന മേഖലയിൽ സ്ഥിതിചെയ്യുന്ന വീടുകളിലേക്ക് വെള്ളമെത്തിക്കാൻ ബൂസ്റ്റർ സ്റ്റേഷനുകൾ നിർമിക്കാനുമാണ് അധികതുക ഉപയോഗിക്കുക. സംസ്ഥാനതല സമിതി അംഗീകരിക്കുന്ന മുറയ്‌ക്ക്‌ തുക വിനിയോഗിക്കാനാകും. 
ജില്ലയിൽ 70 പഞ്ചായത്തുകളിലായി 5,14,666 വീടുകളാണുള്ളത്‌. ഇതിൽ 86,222 വീടുകളിൽ നേരത്തെ കുടിവെള്ള കണക്‌ഷനുണ്ട്‌. അവശേഷിക്കുന്ന 3,45,443 വീടുകളിൽ ഒന്നര വർഷത്തിനകം കുടിവെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ്‌ ജലജീവൻ മിഷൻ പ്രവർത്തനം. 1,54,352 വീടുകൾക്ക്‌ കണക്‌ഷൻ ലഭിച്ചു. 97,827 വീടുകളിൽ പദ്ധതിയിൽ കുടിവെള്ളമെത്തി. 56,525 വീടുകളിൽ പൈപ്പുകൾ സ്ഥാപിച്ചു. 
2020ലെ സർവേ പ്രകാരം പദ്ധതിക്ക്‌ 3821 കോടി രൂപയുടെ ഭരണാനുമതിയാണ്‌ ലഭിച്ചത്‌. 2020 മാർച്ചിനുശേഷമുള്ള  പ്രവൃത്തികൾക്കാണ്‌ കൂടുതൽ തുക വകയിരുത്തിയത്‌. തിരുവള്ളൂർ, ആയഞ്ചേരി, മണിയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതിയിൽ  9153.21 ലക്ഷം രൂപ ബാക്കിയായിരുന്നു. ഈ തുക കക്കോടി, കുരുവട്ടൂർ, തുറയൂർ, കാവിലുംപാറ, മരുതോങ്കര എന്നീ പഞ്ചായത്തുകൾക്ക്  ജലജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി വകയിരുത്തി. 
കേന്ദ്ര–-സംസ്ഥാന സർക്കാർ വിഹിതവും തദ്ദേശസ്ഥാപന വിഹിതവും ചേർത്താണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 13 നിയമസഭാ മണ്ഡലങ്ങളിലെയും ഗ്രാമീണ മേഖലയിൽ 2025ഓടെ കുടിവെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ്‌ പുരോഗമിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top