20 April Saturday
കോടികളുടെ നഷ്‌ടം

ജയലക്ഷ്മി സിൽക്‌സിൽ 
തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

കോഴിക്കോട് ജയലക്ഷ്മി സിൽക്‌സിന്‌ തീപിടിച്ചപ്പോൾ

 
കോഴിക്കോട്
കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്‌സിൽ തീപിടിത്തത്തിൽ കോടികളുടെ നാശം. തുണിത്തരങ്ങളും കോമ്പൗണ്ടിൽ നിർത്തിയിട്ട രണ്ട്‌ കാറും കത്തിനശിച്ചു. ശനി രാവിലെ ആറേകാലോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്.  കോഴിക്കോട്‌, മലപ്പുറം ജില്ലകളിൽനിന്ന്‌ എത്തിയ   20   അഗ്നിരക്ഷാസേന  യൂണിറ്റുകൾ മൂന്നുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനുശേഷമാണ്‌ തീയണച്ചത്‌.  
രണ്ടാംനിലയിലാണ്‌  തീപിടിച്ചത്‌.  സെക്യൂരിറ്റി ജീവനക്കാരാണ്‌ കെട്ടിടത്തിൽനിന്ന്‌ പുക ഉയരുന്നത്‌ ആദ്യം കണ്ടത്‌. 
അപകടമുണ്ടായ ഭാഗത്തെ പ്ലാസ്റ്റിക് കവറും തുണികളും കത്തിനശിച്ചു. കടയുടെ ചുറ്റുമുള്ള ഫ്ലക്സുകൾ ഉരുകി താഴേക്കൊലിച്ചാണ് കാറുകൾ കത്തിയതെന്ന്‌ കരുതുന്നു. ഒരു കാർ പൂർണമായും മറ്റേത്‌ ഭാഗികമായും നശിച്ചു. ഷോർട്ട്‌ സർക്യൂട്ടാണെന്നാണ്‌ പ്രാഥമിക വിലയിരുത്തലെന്നും അപകടമുണ്ടായ നിലയിലെ ഇലക്‌ട്രിക്‌ വയറുകൾ പൂർണമായി കത്തിയതായും ജില്ലാ ഫയർ ഓഫീസർ കെ എം അഷ്‌റഫലി പറഞ്ഞു. രണ്ട്‌ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്ക്‌ ചില്ലുകൊണ്ട്‌ കൈക്ക്‌ പരിക്കേറ്റു. താനൂർ സ്‌റ്റേഷനിലെ രതീഷ്‌ ബീച്ച്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. വെള്ളിമാട്‌കുന്ന്‌ സ്‌റ്റേഷനിലെ കെ ടി നിഖിലിന്‌ ചികിത്സ നൽകി വിട്ടയച്ചു. ഉച്ചയ്‌ക്കുശേഷം അഗ്നിരക്ഷാസേന അധികൃതർ കെട്ടിടം പരിശോധിച്ചു. ചൊവ്വാഴ്‌ച വീണ്ടും പരിശോധിക്കും. ഫോറൻസിക്‌ സംഘവും പരിശോധന നടത്തി.  
നാലുകോടിയോളം രൂപയുടെ നഷ്‌ടമുണ്ടെന്നാണ്‌ പ്രാഥമിക വിലയിരുത്തലെന്ന്‌ ജയലക്ഷ്‌മി സിൽക്‌സ്‌   മാനേജർ സി ജയകൃഷ്‌ണൻ പറഞ്ഞു.  കൃത്യമായ കണക്കെടുക്കാൻ രണ്ടുദിവസമെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top