കോഴിക്കോട്
ദേശീയപാത 66 നിർമാണത്തിൽ നടക്കാനുള്ള വഴി നഷ്ടമായി 15 വീട്ടുകാർ. മലാപ്പറമ്പ് പാച്ചാക്കിൽ ജങ്ഷനിൽ തൊണ്ടയാട് ഭാഗത്തേക്കുള്ള മണ്ണത്ത് കണ്ടി ക്ഷേത്രം റോഡിലെ വീട്ടുകാരാണ് ദുരിതത്തിലായത്. ദേശീയപാതക്ക് സമാന്തരമായ സർവീസ് റോഡ് പതിനഞ്ച് അടിയിലധികം ഉയരത്തിൽ ആയതോടെ റോഡിലേക്ക് കയറാൻ കഴിയാതെയായി. മുകളിലും താഴേയും രണ്ട്പേർ സഹായത്തിനില്ലാതെ ആർക്കും കയറാൻ കഴിയില്ല. ദേശീയപാത പ്രോജക്ട് ഡയരക്ടറോട് പരാതിപറഞ്ഞ് മടുത്ത നാട്ടുകാർ സ്ഥലത്തെ കോർപറേഷൻ കൗൺസിലർ എം എൻ പ്രവീൺകുമാറിന്റേയും സിപിഐ എം ബ്രാഞ്ച് സെക്രട്ടറി എ പുഷ്പാധരന്റേയും നേതൃത്വത്തിൽ പ്രതിഷേധിച്ചപ്പോൾ താൽക്കാലികമായി ഒരു ലോഡ് മണ്ണിറക്കിയെങ്കിലും മഴയത്ത് ഇത് താഴേക്ക് ഒലിച്ചിറങ്ങി ദുരിതം കൂട്ടി. ദേശീയപാത നിർമാണം തുടങ്ങിയത് മുതൽ ഇവിടെയുള്ള വീട്ടുകാർ വാഹനം റോഡിന്റെ മറുവശത്താണ് നിർത്തുന്നത്. ഇപ്പോൾ നടക്കാനുള്ള വഴികൂടി നഷ്ടപ്പെടുകയാണ്. ഡയാലിസിസിന് ഉൾപ്പെടെ ആശുപത്രിയിൽ ഇടക്കിടെ പോവേണ്ട രണ്ട് വീട്ടുകാർ വാടകവീടിലേക്ക് മാറി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ സ്ഥലം സന്ദർശിച്ച് കലക്ടറുമായും ദേശീയപാത അതോറിറ്റിയുമായി നടത്തിയ ചർച്ചയിൽ ആവശ്യമായ നടപടികളുണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ചെലവ് കുറച്ച് ജോലിചെയ്യാനുള്ള കരാറുകാരുടെ നീക്കമാണ് പ്രശ്നത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..