കോഴിക്കോട്
സൈബർ ഭീഷണിയെ തുടർന്ന് വിദ്യാർഥി ആത്മഹത്യചെയ്‌ത സംഭവത്തിൽ സന്ദേശമയച്ച വെബ്‌സൈറ്റിന്റെ ഐപി വിലാസം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ലാപ്‌ടോപ്പിൽ സിനിമ കണ്ടുകൊണ്ടിരിക്കെ 33,900 രൂപ പിഴ അടയ്‌ക്കണമെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്‌വൺ വിദ്യാർഥി ആദിനാഥ് (16) കഴിഞ്ഞ ദിവസം ആത്മഹത്യചെയ്‌തത്. ലാപ്‌ടോപ്പ് പരിശോധിച്ചതിൽ മോസ്‌കോയിലെ സ്വകാര്യ കമ്പനിയാണ് സർവീസ് പ്രൊവൈഡർ എന്ന് കണ്ടെത്തി. ഇവരിൽനിന്ന് ഐപി വിലാസം കണ്ടെത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കാനാണ് പൊലീസ് നീക്കം. സൈബർസെൽ മുഖേന ഇതിനായി അപേക്ഷ നൽകുമെന്ന് ചേവായൂർ സിഐ കെ ആഗേഷ് പറഞ്ഞു.
ബുധൻ വൈകിട്ടാണ് ചേവായൂരിലെ ഫ്ലാറ്റിന്റെ ജനൽഭിത്തിയിൽ വിദ്യാർഥി തൂങ്ങിമരിച്ചത്. ലാപ്ടോപ്പിൽ സിനിമ കണ്ടുകൊണ്ടിരിക്കെയാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റിൽനിന്ന് ഹാക്കർ വിദ്യാർഥിയോട് പണം ആവശ്യപ്പെട്ടത്. എൻസിആർബിയുടെ മുദ്ര സന്ദേശത്തിൽ ഉണ്ടായിരുന്നു. ലാപ്‌ടോപ്പ് ബ്ലോക്കാക്കുകയും ചെയ്‌തു. പണം ആവശ്യപ്പെട്ടുള്ള ശബ്ദസന്ദേശവും ലഭിച്ചു. ആറുമണിക്കൂറിനുള്ളിൽ പണം നൽകിയില്ലെങ്കിൽ പൊലീസിൽ വിവരം അറിയിക്കുമെന്നും അറസ്റ്റ്‌ചെയ്യുമെന്നുമായിരുന്നു ഭീഷണി. തുടർന്നാണ് കുട്ടി കുറിപ്പ് എഴുതിവച്ച് തൂങ്ങിമരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..