25 April Thursday

പോപ്പുലർ ഫ്രണ്ടിന്റെയും പോഷക 
സംഘടനകളുടെയും ഓഫീസുകൾ പൂട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

പോപ്പുലർ ഫ്രണ്ട്‌ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എൻഐഎ നോട്ടീസ് പതിപ്പിക്കുന്നു

കോഴിക്കോട്‌
നിരോധനം നിലവിൽ വന്നതിനെ തുടർന്ന്‌ പോപ്പുലർ ഫ്രണ്ടിന്റെ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഓഫീസുകളും പോഷക സംഘടനാ ഓഫീസുകളുമടക്കം പത്തോളം ഓഫീസുകൾ അടച്ചുപൂട്ടി. സംസ്ഥാന കമ്മിറ്റി ഓഫീസായ  യൂണിറ്റി ഹൗസ്‌ അടക്കം അഞ്ചോളം ഓഫീസുകൾക്കാണ്‌ വെള്ളിയാഴ്‌ച സീൽ പതിച്ചത്‌. വെള്ളിയാഴ്‌ച പകൽ ഒന്നരയോടെയാണ്‌  മീഞ്ചന്ത ബൈപാസ്‌ ജങ്‌ഷനിലെ ഓഫീസ്‌ എൻഐഎ പൂട്ടി മുദ്രവച്ചത്‌. സുരക്ഷക്കായി പൊലീസും ഒപ്പമുണ്ടായി. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർഥി പ്രസ്ഥാനമായ ക്യാമ്പസ്‌ ഫ്രണ്ടിന്റെ ചക്കുംകടവിലെ സംസ്ഥാന കമ്മിറ്റി ഓഫീസും പൊലീസ്‌ പൂട്ടി മുദ്രവച്ചു. എ ജി റോഡിലെ സൗത്ത്‌ ജില്ലാ കമ്മിറ്റി ഓഫീസ്‌, ഇസ്ലാമിക്‌ യൂത്ത്‌ സെന്ററിലെ രണ്ട്‌ ഓഫീസുകൾ എന്നിവയ്‌ക്കും പൂട്ടിട്ടു. ഫറോക്ക്‌ എസിപി എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ ഇവയ്‌ക്ക്‌ പൂട്ടിട്ടത്‌. വടകരയിലെ തണ്ണിർപന്തൽ, താഴത്തങ്ങാടി, കുറ്റ്യാടി, നാദാപുരം എന്നിവിടങ്ങളിലെ ഓഫീസുകൾക്കും റവന്യു ഉദ്യോഗസ്ഥർ മുദ്രവച്ചു.  
 പോപ്പുലർ ഫ്രണ്ട് നിയന്ത്രണത്തിലുള്ള കുറ്റ്യാടി സഹൃദയഹാളിലും ഓഫീസിലും പൊലീസ്‌ പരിശോധന നടത്തി മുദ്രവെച്ചു. പോപ്പുലർ ഫ്രണ്ട് ജില്ലാ–-സംസ്ഥാന നേതാക്കളാണ് സഹൃദയ ചാരിറ്റബിൾ ട്രസ്റ്റിന് നേതൃത്വം നൽകുന്നത്.  കുറ്റ്യാടി തൊട്ടിൽ പാലം റോഡിൽ നിന്നും തെരുവത്ത് റോഡിൽ കണിയാന്റെ പറമ്പത്ത് ആണ് ഓഫീസ്‌ പ്രവർത്തിക്കുന്നത്.   
മാധ്യമപ്രവർത്തകർ 
ലിഫ്‌റ്റിൽ കുടുങ്ങി
കോഴിക്കോട്‌
പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റിഓഫീസായ യൂണിറ്റി ഹൗസ്‌ എൻഐഎ അടച്ചുപൂട്ടുന്നത്‌ ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവർത്തകർ ലിഫ്‌റ്റിൽ കുടുങ്ങി. ഒമ്പതോളം മാധ്യമപ്രവർത്തകരാണ്‌ കുടുങ്ങിയത്‌. ഉടൻതന്നെ മാധ്യമപ്രവർത്തകർ  മീഞ്ചന്ത അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ റോബി വർഗീസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ പുറത്തെത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിൽ ഇ ശിഹാബുദ്ധീൻ, എൻ  ബിനീഷ്,  പി അനൂപ്, പി രാഹുൽ, വിനോദ് വി, ആർ എസ്‌ രാകേഷ്‌, മുഹമ്മദ് ഷനീബ്, ഹോം ഗാർഡ് കെ സത്യൻ, കെ സന്തോഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top