26 April Friday

4.22 കോടിയുടെ ഭരണാനുമതി സി എച്ച്‌ മേൽപ്പാലം മികച്ചതാകും

സ്വന്തം ലേഖകൻUpdated: Saturday Oct 1, 2022

സി എച്ച് മേൽപ്പാലം

കോഴിക്കോട്‌
നഗരത്തിലെ  ഏറ്റവും തിരക്കേറിയതും  ആദ്യത്തേതുമായ സി എച്ച്‌ മുഹമ്മദ്‌ കോയ ഫ്ലൈ ഓവർബ്രിഡ്‌ജ്‌ നവീകരിക്കുന്നു. കടപ്പുറം,  ജനറൽ ആശുപത്രി, കോർപറേഷൻ ഓഫീസ്‌ എന്നിവിടങ്ങളിലേക്കുള്ള  പ്രധാന റോഡിലെ ഈ മേൽപ്പാലത്തിന്റെ  അറ്റകുറ്റപ്പണിക്കായി 4.22 കോടിയുടെ ഭരണാനുമതിയാണ്‌ ലഭിച്ചത്‌. പൊതുമരാമത്ത്‌ വകുപ്പ്‌ ചീഫ്‌ എൻജിനിയർ (ബ്രിഡ്‌ജസ്‌) സമർപ്പിച്ച എസ്‌റ്റിമേറ്റ്‌ പരിശോധിച്ചാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ തീരുമാനം. നിലവിൽ പലഭാഗത്തും പാലം പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്‌. മേൽപ്പാലം അറ്റകുറ്റപ്പണി നടത്തി നവീകരിക്കണമെന്ന ആവശ്യം അംഗീകരിച്ചതിന്റെ  സന്തോഷത്തിലാണ്‌ നഗരവാസികൾ.  പാലം നന്നാക്കുന്നതിന്റെ ഭാഗമായി വ്യാപാരികളെ ഒഴിപ്പിക്കുമെന്ന പ്രചാരണങ്ങൾക്കും മന്ത്രിയുടെ പ്രഖ്യാപനത്തോടെ  പരിഹാരമായി.
അപകടാവസ്ഥയിലായ പാലത്തിലെ സ്ലാബിന്റെ ഭാഗങ്ങൾ നേരത്തെ അടർന്നുവീണിരുന്നു. പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഇടപ്പെട്ടാണ്‌ സിഎച്ച്‌ മേൽപ്പാലം നവീകരണത്തിന്‌ നടപടിയായത്‌.  നേരത്തെ ഹൈവേ ബ്രിഡ്‌ജ്‌സ്‌ ആൻഡ്‌ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ നടത്തിയ പഠനത്തിൽ പണിയുടെ മികവുകുറവുകാരണം 12 ഭാഗത്ത്‌ സ്ലാബ്‌ അടർന്നുവീണതായി കണ്ടെത്തിയിരുന്നു. എൻഐടിയുടെ പരിശോധനയിലും ബലക്ഷയം കാണപ്പെട്ടു.  മൊത്തം പാലം പൊളിച്ചുമാറ്റേണ്ടേതില്ലെന്നാണ്‌ കണ്ടെത്തൽ.  
മേൽപ്പാലത്തിനടിയിൽ 63 മുറികളാണുള്ളത്‌. ഇതിൽ 51 വ്യാപാരികളാണ്‌ നിലവിൽ കച്ചവടം നടത്തുന്നത്‌. പൊതുമരാമത്ത്‌ വകുപ്പ്‌ പണിത പാലത്തിനടിയിൽ വ്യാപാരികൾക്ക്‌ കച്ചവടംചെയ്യാൻ കരാർ നൽകിയത്‌ കോർപറേഷനാണ്‌. 
1984ൽ മൂന്നാം റെയിൽവേ ഗേറ്റിന്‌ കുറുകെ റെഡ്‌ക്രോസ്‌ റോഡിൽ 25 സ്‌പാനുകളും 300 മീറ്ററോളം നീളവുമായി നിർമിച്ച മേലപ്പാലം നഗരത്തിന്‌ പുതുമയായിരുന്നു. അതിന്‌ മുമ്പ്‌ ഒന്നാം ഗേറ്റിന്‌ കുറുകെ പണിത ഓവർബ്രിഡ്‌ജ്‌  മാത്രമായിരുന്നു നഗരത്തിലുണ്ടായിരുന്നത്‌. എന്നാൽ സിഎച്ച്‌ മേൽപ്പാലം വന്നപ്പോൾ പാലത്തിനടിയിലൂടെ വാഹനങ്ങൾകടന്നുപോവുന്ന സംവിധാനം കേരളത്തിൽത്തന്നെ അപൂർവമായിരുന്നു.
വ്യാപാരികൾക്ക്‌ ഒരു പേടിയും വേണ്ട: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌
ഫ്ലൈ ഓവർ നവീകരിക്കുന്നതിന്റെ ഭാഗമായി  പ്രവൃത്തി നടക്കുമ്പോൾ വ്യാപാരികൾ മാറിയാൽ തിരിച്ചെടുക്കില്ലെന്ന വാദം ശരിയല്ലെന്നും ഒന്നും പേടിക്കാനില്ലെന്നും മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. നഗരത്തിലെ ഫ്ലൈ ഓവർ നവീകരിക്കുന്നതിന്റെ ഭാഗമായി വ്യാപാരികൾക്ക്‌ ഒരാശങ്കയും ഉണ്ടാവേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top