24 April Wednesday

കഥയില്ലാത്തവരല്ല ഡോക്ടർമാർ

സ്വന്തം ലേഖകൻUpdated: Saturday Oct 1, 2022

‘കഥാസ്‌കോപ്‌’ 
കഥാസമാഹാരത്തിന്റെ പുറംചട്ട

കോഴിക്കോട്‌ 
മരുന്നുകുറിപ്പുകളുടെ എഴുത്തുപേന താഴെവെച്ചാണ്‌  കഥകൾ കുറിക്കാനായി ഡോക്ടർമാർ  രണ്ടാം പേനയെടുത്തത്‌. വേദനയും വിഷാദവും ജീവിതാസക്തികളും മരണഭീതിയും പൊതിഞ്ഞുനിൽക്കുന്ന പരിശോധനാമുറിയിൽ നിന്നാണ്‌ അവർ  കഥയെ പുണർന്നത്‌. ചുറ്റുമുള്ള കാഴ്‌ചകളുടെയും വിചാരങ്ങളുടെയും ഹൃദയതാളമുള്ള എഴുത്തിന്‌ അവർ  ‘കഥാസ്‌കോപ്‌’ എന്ന്‌ പേരിട്ടു. ഡോക്ടർമാരുടെ കഥകൾ സമാഹരിച്ചതും അവതാരികയും പഠനവും  എഴുതിയതുമെല്ലാം അവർ തന്നെ. 
  ഐഎംഎ അംഗങ്ങൾ ചേർന്ന്‌ രൂപീകരിച്ച എഴുത്തുകാരായ ഡോക്ടർമാരുടെ കൂട്ടായ്‌മയായ ‘സെക്കൻഡ്‌ പെൻ’ ആണ്‌ പുസ്‌തകത്തിന്‌ പിന്നിൽ. കഥാകൃത്തായ ഡോ. ടി പി നാസറാണ്‌ ഇൻസെറ്റ്‌ പബ്ലിക്ക പുറത്തിറക്കിയ പുസ്‌തകത്തിന്റെ എഡിറ്റർ. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്ന ഡോ. ഖദീജ മുംതാസിന്റേതാണ്‌ അവതാരിക.  ഡോ.  എം മുരളീധരന്റേതാണ്‌ പഠനം.  
 25  ഡോക്ടർമാരുടെ രചനകളാണ്‌ കഥാസ്‌കോപ്പിലുള്ളത്‌. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള എഴുത്തുകാരായ ഡോക്ടർമാർ സെക്കൻഡ്‌ പെന്നിന്റെ പ്രതിമാസ സാഹിത്യ ഒത്തുചേരലിന്‌ എത്താറുണ്ട്‌. അത്തരമൊരു ഒത്തുചേരലിലാണ്‌ ഡോക്ടർമാരുടെ കഥകൾ എന്ന ആശയം ഉരുത്തിരിഞ്ഞത്‌. ഡോ. ശ്രീരേഖ പണിക്കരാണ്‌ കഥാസ്‌കോപ്പ്‌ എന്ന പേര്‌ നിർദേശിച്ചത്‌. 32 എഴുത്തുകാർ ചേർന്നാണ്‌ കവർ നവമാധ്യമങ്ങളിലൂടെ പുറത്തിറക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top