29 March Friday

യാത്രയ്‌ക്ക്‌ കപ്പലില്ല; അധികൃതർക്ക്‌ മിണ്ടാട്ടവും ആര്‌ കാണും ദ്വീപുകാരുടെ സങ്കടം?

സ്വന്തം ലേഖകൻUpdated: Saturday Oct 1, 2022

 

ഫറോക്ക് 
യാത്രാമാർഗങ്ങളെല്ലാം അടഞ്ഞ്‌ നടുക്കടലിന്‌ നടുവിൽ ഒറ്റപ്പെട്ടിരിക്കുകയാണ്‌ ലക്ഷദ്വീപുകാർ. കൊച്ചിയിൽ നിന്നുള്ള കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതിനൊപ്പം ബേപ്പൂരിൽനിന്നുള്ള സർവീസുകളും നിലച്ചതോടെ  ജനജീവിതം സ്‌തംഭിച്ചു.  10 കപ്പലുകൾ സർവീസ് നടത്തിയിരുന്ന കൊച്ചി–-ദ്വീപ് റൂട്ടിൽ   രണ്ട്‌ സർവീസുകൾ മാത്രമായി.  ബേപ്പൂർ, മംഗളൂരു തുറമുഖങ്ങളിൽ നിന്നുള്ള കപ്പലോട്ടവും നിലച്ചതോടെ  ലക്ഷദ്വീപിലെ ജനവാസമുള്ള 10 ദ്വീപുകളിലെ ജനം വലയുകയാണ്‌.  
 അപകടത്തിൽപ്പെടുന്നവരും ഹൃദ്രോഗികളും ഉൾപ്പെടെ അടിയന്തര ചികിത്സ ആവശ്യമുള്ളവരെല്ലാം യഥാസമയം ആശുപത്രികളിൽ എത്താനാവാതെ പ്രയാസപ്പെടുകയാണ്.  
മർക്കന്റയിൽ മറൈൻ നിയമപ്രകാരം ഇടത്തരം - ചെറുകിട തുറമുഖങ്ങൾ വഴിയുള്ള കപ്പൽ സർവീസിന്  നാലു മാസം മൺസൂൺകാല വിലക്കുണ്ട്‌. നിരോധനം കഴിഞ്ഞ് 15 ദിവസം പിന്നിട്ടിട്ടും ബേപ്പൂരിൽ നിന്നും ദ്വീപിലേക്ക് കപ്പൽ സർവീസ് ആരംഭിച്ചിട്ടില്ല.  കൊച്ചിയിൽനിന്നുള്ള ഏഴു കപ്പലുകൾക്ക് പകരം ആറുമാസമായി  രണ്ടു കപ്പൽ മാത്രമാണുള്ളത്‌.
കപ്പൽ യാത്ര അവതാളത്തിലായതോടെ  വിദ്യാർഥികൾ, രോഗികൾ, വൻകരയുമായി വിവാഹ- കുടുംബ ബന്ധമുള്ളവർ തുടങ്ങിയവരെല്ലാം  ഇരുഭാഗത്തുമായി കുടുങ്ങി.  ഉന്നത വിദ്യാഭ്യാസവും പ്രതിസന്ധിയിലായി.  
ബേപ്പൂരിൽനിന്നും സർവീസ് നടത്തിയിരുന്ന എം വി അമിൻ ദീവി, എം വി മിനിക്കായ് കപ്പലുകൾ കാലപ്പഴക്കം ചെന്നതിനാൽ പൊളിക്കാനിട്ടിരിക്കയാണ്. കൊച്ചിയിൽ നിന്നുള്ള അഞ്ച്‌ കപ്പലുകളും അറ്റകുറ്റപ്പണിയിലാണ്‌. പകരം കപ്പൽ വാങ്ങാനോ നിർമിക്കാനോ ലക്ഷദ്വീപ് ഭരണകൂടവും കേന്ദ്ര ഷിപ്പിങ് മന്ത്രാലയവും മടിക്കുന്നു. 
ബേപ്പൂരിൽനിന്നും സ്പീഡ് ബോട്ട് ഏർപ്പെടുത്തി യാത്രാദുരിതം പരിഹരിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top