25 April Thursday
ഫറോക്ക് ഇരുമ്പുപാലം ചരിത്രസ്മാരകമാക്കണം

വേണം പുതിയൊരു പാലം

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

ഫറോക്കിലെ പഴയ ഇരുമ്പുപാലം

സ്വന്തം ലേഖകൻ
ഫറോക്ക് 
ബേപ്പൂർ കേന്ദ്രീകരിച്ച് ഉത്തരവാദിത്ത ടൂറിസത്തിന്റെ മാതൃകാപദ്ധതി ഒരുങ്ങുമ്പോൾ  കോഴിക്കോടിന്റെ അടയാളവും കവാടവുമായ ഫറോക്ക്‌ പഴയ ഇരുമ്പുപാലം സംരക്ഷിക്കണമെന്ന ആവശ്യവും ഉയരുന്നു. പഴമയുടെ പ്രതാപം പേറുന്ന ഈ പഴയപാലം കോവിഡ് വ്യാപനത്തെ തുടർന്ന്‌ അടച്ചിട്ടിരിക്കുകയാണ്‌. വർഷങ്ങളായുള്ള പാലത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ വൺവേയോ പുതിയ പാലമോ നിർബന്ധമാണ്. വൺവേ സമ്പ്രദായം ഫലപ്രദമാകാത്തതിനാൽ തൊട്ടടുത്തായി ഒരുപാലംകൂടി നിർമിച്ചാൽ ഫറോക്ക് -ചെറുവണ്ണൂർ റൂട്ടിൽ ഗതാഗതം സുഗമമാകും.
ചാലിയാറിന് കുറുകെ 1883ൽ ബ്രിട്ടീഷുകാർ നിർമിച്ച പാലം അറ്റകുറ്റപ്പണി നടത്തി ചരിത്രസ്മാരകമാക്കി സംരക്ഷിക്കുകയും ഒപ്പം യാത്രാസൗകര്യത്തിനായി സമീപത്ത്‌ മറ്റൊരുപാലവും നിർമിക്കണമെന്നാണ്‌ ആവശ്യം. പാലത്തിന്റെ ഏഴു ഗാഡറുകൾ നിരന്തരം ചരക്കുവാഹനങ്ങളിടിച്ച് തകർന്നിട്ട് വർഷങ്ങളായി. സിഗ്നൽ സംവിധാനവും കണ്ണടച്ചിട്ട് കാലമേറെയായി. പാലം തുടങ്ങുന്ന ചെറുവണ്ണൂർ ഭാഗത്ത്‌ ഭിത്തിയിളകിയിട്ടുണ്ട്. 2005ലാണ് അറ്റകുറ്റപ്പണി നടത്തിയത്. 3.7 മീറ്ററിൽ കൂടുതൽ പൊക്കമുള്ള വാഹനങ്ങൾക്ക് അനുമതിയില്ലെങ്കിലും മുന്നറിയിപ്പ് വകവയ്ക്കാതെ ചരക്കുവാഹനങ്ങൾ ഓടി പലഭാഗത്തും ലോഹക്കമാനങ്ങൾ തകർന്നിട്ടുണ്ട്‌. അറ്റകുറ്റപ്പണിക്കായി  പൊതുമരാമത്ത് (പാലം വിഭാഗം) 88 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും നടപടികളൊന്നുമായിട്ടില്ല. 
ഫറോക്ക് റെയിൽവേ മേൽപ്പാലത്തിലൂടെയുള്ള ഗതാഗതവും തീരദേശ ഹൈവേയും വരുന്നതോടെ ഫറോക്ക് ടൗൺ വഴി വാഹനസഞ്ചാരവും വർധിക്കും. ഇതോടെ ഇടുങ്ങിയ പാലം കൂടുതൽ ഗതാഗതസ്തംഭനത്തിന് വഴിയൊരുക്കും. ഇതോടെയാണ് പുതിയ പാലം എന്ന ആവശ്യം ശക്തമായത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top