03 July Thursday
രക്ഷപ്പെട്ട അഞ്ചുപേരെ ചാലിയത്ത് എത്തിച്ചു

വള്ളം മറിഞ്ഞ് കാണാതായ 
യുവാവിനായി തിരച്ചിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കൊച്ചിയിൽ എത്തിച്ചപ്പോൾ

ഫറോക്ക്
തൃശൂർ ചേറ്റുവയ്ക്കും ചാവക്കാടിനുമിടയിൽ ആഴക്കടലിൽ വള്ളംമുങ്ങി ബുധൻ കാണാതായ ചാലിയം സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കി. ചാലിയം ശാലിയാത്തി വായനശാലയ്ക്ക് സമീപം തൈക്കടപ്പുറത്ത് ഹുസൈന്റെ മകൻ അലി അഷ്‌കറിനെ(23)യാണ്‌ കാണാതായത്‌. കോസ്റ്റ് ഗാർഡ്, തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ. കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനവും കടലിൽ പരിശോധന നടത്തുന്നുണ്ട്‌. രക്ഷപ്പെട്ട മൂന്ന് ബംഗാൾ സ്വദേശികളുൾപ്പെടെ അഞ്ചു പേരെയും വ്യാഴം ഉച്ചയോടെ ചാലിയത്ത് എത്തിച്ചു. 
ഞായർ പകൽ പന്ത്രണ്ടോടെയാണ്‌ ചാലിയം ഫിഷ് ലാൻഡിങ് സെന്ററിൽനിന്ന്‌ ആറു തൊഴിലാളികളുമായി ചാലിയം സ്വദേശി പുത്തൻപുരയിൽ ഷഫീറിന്റെ ഉടമസ്ഥതയിലുള്ള "സഫാഅത്ത്’ എന്ന ഫൈബർ വള്ളം പുറപ്പെട്ടത്‌. 
ചൊവ്വ വൈകിട്ട് നാലരയോടെ 20 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ ശക്തമായ തിരയിൽ മറിയുകയായിരുന്നു. ഇതിനിടെ അലി അഷ്കറിനെ കാണാതായി. മറ്റു അഞ്ചുപേരും തകർന്ന വള്ളത്തിൽ പിടിച്ചുതൂങ്ങി നടുക്കടലിൽ 23 മണിക്കൂറാണ്‌ നീന്തിയത്‌. ബുധൻ വൈകിട്ട് നാലോടെ ഇതുവഴിവന്ന സിറിയൻ ചരക്കുകപ്പലാണ് രക്ഷിച്ച് കോസ്റ്റ് ഗാർഡിന് വിവരം നൽകിയത്.കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ അഞ്ചുപേരെയും നെടുമ്പാശേരിക്കു സമീപം മൈതാനത്തിറക്കി കൊച്ചി തീരദേശ പൊലീസിന് കൈമാറി. 
രക്ഷപ്പെട്ട ചാലിയം സ്വദേശികളായ ഷിഹാബ് ആനപ്പുറം, പുത്തൻപുരക്കൽ മുഹമ്മദ് ഷെമീം, ബംഗാൾ സ്വദേശികളായ ഗുരുപദ, പ്രവൻ ദാസ്, അബ്‌ദുൾ സലാം എന്നിവർക്ക്‌ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. അവശരായ എല്ലാവർക്കും പരിക്കുകളുണ്ടായിരുന്നു. വ്യാഴാഴ്‌ച സ്വദേശത്തെത്തിയ ഷെമീമിനെ ശാരീരികാവശത കാരണം വീണ്ടും ആശുപത്രിയിലാക്കി.
മോശം കാലാവസ്ഥയിൽ കടൽ കൂടുതൽ പ്രക്ഷുബ്ധമായതിനാൽ തിരച്ചിൽ ദുഷ്കരമായി. തൃശൂർ ജില്ലക്കു പുറമെ തിരൂർ, താനൂർ, പൊന്നാനി മേഖലയിൽ നിന്നുള്ള വള്ളങ്ങളും സർക്കാർ സംവിധാനങ്ങൾക്കൊപ്പം തിരച്ചിൽ നടത്തുന്നുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top