29 March Friday

ചാലിയത്ത് മത്സ്യത്തൊഴിലാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

അപകടത്തിൽപ്പെട്ട മീൻപിടിത്തവള്ളത്തിലെ ചാലിയം സ്വദേശിയെ കണ്ടെത്താനുള്ള തിരച്ചിലിന് ബേപ്പൂരിൽ സംവിധാനമൊരുക്കുന്നതിൽ വീഴ്ചവന്നതായി ആരോപിച്ച് പ്രതിഷേധം.

 കടലുണ്ടി 

അപകടത്തിൽപ്പെട്ട മീൻപിടിത്തവള്ളത്തിലെ ചാലിയം സ്വദേശിയെ കണ്ടെത്താനുള്ള തിരച്ചിലിന് ബേപ്പൂരിൽ സംവിധാനമൊരുക്കുന്നതിൽ വീഴ്ചവന്നതായി ആരോപിച്ച് പ്രതിഷേധം. അപകടവിവരമറിഞ്ഞ് ഒരുദിവസം പിന്നിട്ടിട്ടും ഫിഷറീസ് രക്ഷാ ബോട്ട് അയച്ചില്ലെന്നും ഫിഷറീസ് കൺട്രോൾ റൂമുള്ള ബേപ്പൂരിൽ കടൽ രക്ഷാപ്രവർത്തനത്തിന് കാര്യമായ സംവിധാനമില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
വ്യാഴം രാവിലെ മുതൽ ആളുകൾ പ്രതിഷേധിച്ചു. ചാലിയം തീരദേശ പൊലീസ് സ്റ്റേഷനിലും പരിസരത്തെ ബോട്ട് ജെട്ടിയിലും മണിക്കൂറുകളോളം അധികൃതരുമായി വാക്കേറ്റമുണ്ടായി. തിരച്ചിലിനായി രാവിലെ ആറിന് പുതിയാപ്പയിൽനിന്നും റെസ്ക്യു ബോട്ട് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും 11.15നാണ്‌ എത്തിയത്‌. 12.15ന്‌ പുറപ്പെട്ടു. ബേപ്പൂരിൽ  ഫിഷറീസ് വകുപ്പിന്റെ "കാരുണ്യ’ മറൈൻ ആംബുലൻസ് മാത്രമാണുള്ളത്. ഇതിന് കാലാവസ്ഥ പ്രതികൂലമായാൽ അഴിമുഖം കടന്ന് പോകാനാവില്ല.
ക്ഷുഭിതരായ മത്സ്യത്തൊഴിലാളികൾ ഫിഷറീസ്  ഡെപ്യൂട്ടി ഡയറക്ടർ പി കെ രഞ്ജിനി, അസി. ഡയറക്ടർ കെ എ ലബീബ് എന്നിവർക്ക്‌ മുമ്പിലും പ്രതിഷേധിച്ചു.  ഫറോക്ക് അസി. കമീഷണർ എ എം സിദ്ദീഖ്, ബേപ്പൂർ പൊലീസ് ഇൻസ്പെക്ടർ വി സിജിത്ത്, തീരദേശ പൊലീസ് ഇൻസ്പെക്ടർ പി ആർ സുനു തുടങ്ങിയവർ ഇടപെട്ടാണ് അനുനയിപ്പിച്ചത്. സിപിഐ എം ഏരിയാ സെക്രട്ടറി ടി രാധാഗോപി, മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കളായ എ ഹസ്സൻ, കെ വി റാസിക്ക് എന്നിവരും സ്ഥലത്തെത്തി.
 
മന്ത്രിമാർ ഇടപെട്ടു 
തിരച്ചിൽ ഊർജിതം
ചാലിയം ശാലിയാത്തി വായനശാലയ്ക്ക് സമീപം തൈക്കടപ്പുറത്ത് ഹുസൈന്റെ മകൻ അലി അഷ്‌കറിനുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കാൻ മന്ത്രി പി എ മുഹമ്മദ് റിയാസ് ഡിജിപിക്ക് നിർദേശം നൽകി. മത്സ്യത്തൊഴിലാളികളുമായും മന്ത്രി ഫോണിൽ സംസാരിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാനും ഇടപെട്ടു. ഇതിന്റെ ഫലമായി എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽനിന്നുള്ളവരും കേന്ദ്ര–-സംസ്ഥാന സർക്കാർ സംവിധാനങ്ങളുപയോഗപ്പെടുത്തി തിരച്ചിൽ ഊർജിതമാക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top