28 March Thursday

നടുക്കടലിൽ ഉള്ളുലഞ്ഞ്‌ 23 മണിക്കൂർ

മനാഫ് താഴത്ത്Updated: Friday Jul 1, 2022
ഫറോക്ക്
കനത്ത മഴയും മരംകോച്ചുന്ന തണുപ്പും ആഞ്ഞുവീശുന്ന കാറ്റും. നടുക്കടലിൽ തകർന്ന വള്ളത്തിൽ ജീവിതം മുറുകെപ്പിടിച്ച്‌ 23 മണിക്കൂർ. മരണത്തെ മുഖാമുഖം കണ്ട മണിക്കൂറുകളുടെ നടുക്കമുണ്ട്‌ തൃശൂർ ജില്ലയിലെ ചാവക്കാടിനുസമീപം കടൽക്ഷോഭത്തിൽ മീൻപിടിത്ത വള്ളം മറിഞ്ഞ് രക്ഷപ്പെട്ട അഞ്ചുപേരുടെയും മുഖത്ത്‌. ചാലിയം സ്വദേശികളായ ഷിഹാബ് ആനപ്പുറം, പുത്തൻപുരക്കൽ മുഹമ്മദ് ഷെമീം, ബംഗാൾ സ്വദേശികളായ ഗുരുപദ, പ്രവൻ ദാസ്, അബ്ദുൾ സലാം എന്നിവരുടേത്‌ സിനിമാക്കഥയെ വെല്ലുന്ന അതിജീവനം.
ഞായർ ചാലിയത്തുനിന്നുപുറപ്പെട്ട് ചൊവ്വ വൈകിട്ട് അപകടം സംഭവിച്ച് ബുധൻ പകൽ മൂന്നിനാണ് കപ്പലുകാർ രക്ഷപ്പെടുത്തുന്നത്. ഇതിനിടയിൽ കൂടെയുണ്ടായിരുന്ന അലി അസ്‌കറിനെ കടലിൽ കാണാതായി. മണിക്കൂറുകൾക്കുശേഷമാണ് അവശനായ അസ്‌കർ കൈവിട്ടുപോയതെന്ന് രക്ഷപ്പെട്ട കൂട്ടത്തിലെ ഷിഹാബ് ആനപ്പുറം വിങ്ങിക്കൊണ്ട്‌ പറഞ്ഞു.
എല്ലാ പ്രതീക്ഷകളും മങ്ങിയപ്പോഴാണ് അകലെ ഒരു കപ്പൽ കാഴ്‌ചയിൽ തെളിഞ്ഞത്. നിവർന്നുനിൽക്കാനും കൈകാലുകൾ ചലിപ്പിക്കാനുമാകാത്ത നിലയിലും ഒരുവിധം ബനിയനഴിച്ച് വള്ളത്തിന് മുകളിൽകയറി വീശി. ഇതുകണ്ടാണ് കൊച്ചിയിൽനിന്നുപോകുകയായിരുന്ന മറുനാടൻ കപ്പൽ രക്ഷക്കെത്തിയത്. കോണി താഴേക്കിറക്കി അഞ്ചുപേരെയും പിടിച്ചുകയറ്റി മുറിവുകളിൽ മരുന്നുവച്ച് കെട്ടിയശേഷം ഭക്ഷണവും നൽകി. കടൽവെള്ളം കുടിച്ച് കഴിഞ്ഞവർക്ക് കരുത്തായത് കപ്പലുകാരുടെ പരിചരണം. കോസ്റ്റ് ഗാർഡിനെയും അറിയിച്ചു. കോസ്റ്റ് ഗാർഡിനോട്‌ തിരിച്ചുവിളിച്ചപ്പോൾ വിശദവിവരങ്ങളെല്ലാം പറഞ്ഞത് ഷിഹാബാണ്. വൈകാതെ കോസ്റ്റ് ഗാർഡ്‌ ഹെലികോപ്റ്ററെത്തി കൊച്ചിയിലേക്ക്‌ കൊണ്ടുപോയി. നാട്ടിലെത്തിയ അഞ്ചുപേരിൽ ഷിഹാബ്, ഷെമീം എന്നിവരെ  കോഴിക്കോട് ബീച്ചാശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top