24 April Wednesday

റെയില്‍വേയില്‍ ജോലി വാഗ്‌ദാനംചെയ്‌ത്‌ തട്ടിപ്പ്: പൊലീസ് അന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
മുക്കം 
ദക്ഷിണ റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയ സംഘത്തെക്കുറിച്ചുള്ള പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.  റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വ്യാജ ഇ മെയില്‍ ഐഡി ഉപയോഗിച്ചാണ് ക്ലര്‍ക്ക് ഉള്‍പ്പെടെ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തിയത്. സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ എല്ലാവർക്കും നിയമനോത്തരവും നല്‍കിയിരുന്നു. മലപ്പുറം എടപ്പാള്‍ വട്ടംകുളം കവുപ്ര സ്വദേശിനി, എസ്‌ സി  മോര്‍ച്ച മുക്കം മണ്ഡലം പ്രസിഡന്റും  ബിജെപി പ്രാദേശിക നേതാവുമായ വല്ലത്തായിപ്പാറ സ്വദേശി, തിരുവമ്പാടി പൊന്നാങ്കയം സ്വദേശി എന്നിവരാണ്  തട്ടിപ്പുനടത്തി മുങ്ങിയത്.  
റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി  കെ കൃഷ്ണദാസിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കാണിച്ചാണ് കബളിപ്പിച്ചതെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. 50,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ്  പലരില്‍നിന്നായി ഈടാക്കിയത്.  വാട്‌സാപ്പ് വഴി  റെയില്‍വേയുമായി ബന്ധപ്പെട്ട കുറേ ഡാറ്റകള്‍ അയച്ചുകൊടുക്കുകയും അവ കടലാസില്‍ പകര്‍ത്തി തിരിച്ചയക്കണമെന്നും നിര്‍ദേശിച്ചിരുന്നു. വര്‍ക്ക്‌ അറ്റ് ഹോം എന്ന് കരുതി ഉദ്യോഗാര്‍ഥികള്‍ ഇത്‌ ചെയ്‌തു. പ്രതിഫലമായി 25, 000 രൂപ മുതല്‍ 35,000 രൂപ വരെ ഏതാനും മാസം ബാങ്ക് അക്കൗണ്ട് വഴി നല്‍കി.  ഇതോടെ ഇവർ ബന്ധുക്കളെയും സ്‌നേഹിതരേയുമെല്ലാം കണ്ണിചേര്‍ക്കുകയായിരുന്നു.  
കോടികള്‍ ലഭിച്ചതോടെ തട്ടിപ്പുസംഘം ശമ്പളം നല്‍കുന്നത്  നിര്‍ത്തി മുങ്ങുകയായിരുന്നു. 
വടക്കൻ കേരളത്തിൽ  മാത്രം അഞ്ഞൂറിലേറെപ്പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.  മുക്കം, തിരുവമ്പാടി, പൊന്നാനി, ചങ്ങരംകുളം തുടങ്ങി വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍   തട്ടിപ്പിനിരയായവർ  പരാതിനൽകിയിട്ടുണ്ട്.  പരാതിക്കാരെ വിളിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടിയതായും  ഇവരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ഊർജിതമാക്കുമെന്നും  മുക്കം ഇന്‍സ്‌പെക്ടര്‍ കെ പ്രജീഷ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top