27 April Saturday

ഗെറ്റ്‌ സെറ്റ്‌ റെഡി ഗോ

ഇ ബാലകൃഷ്‌ണൻUpdated: Thursday Jun 1, 2023

മേപ്പയൂർ ജിവിഎച്ച്എസ്എസിൽ നിർമാണം പൂർത്തിയായ സ്പോർട്സ് ഫെസിലിറ്റേഷൻ സെന്റർ

പേരാമ്പ്ര
വിസിൽ മുഴക്കത്തിന്‌ കാതോർത്തിരിക്കയാണ്‌ മേപ്പയൂർ സ്പോർട്സ് ഫെസിലിറ്റേഷൻ സെന്റർ. ഫുട്‌ബോളും വോളിയും അത്‌ലറ്റിക്‌സും ബാസ്‌കറ്റ്‌ ബോളും ആറുവരിയുള്ള സിന്തറ്റിക്‌ ട്രാക്കും ഇൻഡോർ സ്റ്റേഡിയവും മൾട്ടിജിമ്മും തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്‌. 
മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 6.43 കോടി രൂപ ചെലവിലാണ് സെന്റർ ഒരുക്കിയത്‌. കായിക യുവജനകാര്യവകുപ്പിന്റെ നേതൃത്വത്തിലാണ്‌ പദ്ധതി. 2019 നവംബറിൽ മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ മന്ത്രി ഇ പി ജയരാജനാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ഫ്ലഡ്‌ലിറ്റ് സൗകര്യത്തോടെ ആറുവരി സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ കോർട്ടുകൾ, സ്പോർട്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ മൂന്നു നിലകളിലായി മൾട്ടി ജിം, ഇൻഡോർ ഗെയിം ഏരിയ, ജംപിങ് പിറ്റ്, ഗെയിംസ് ഓഫീസ് എന്നിവ സജ്ജമാക്കി. 
സർക്കാർ ഏജൻസിയായ കിറ്റ്കോയുടെ നിയന്ത്രണത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസെറ്റിയാണ് കരാർ ഏറ്റെടുത്തത്‌. ഇത്ര വിപുലമായ  സ്പോർട്‌സ്‌ കോംപ്ലക്‌സ്‌ ജില്ലയിൽ ആദ്യത്തേതാണ്‌.  
പേരാമ്പ്ര മണ്ഡലത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ ഹയർ സെക്കൻഡറി സ്കൂളാണ് മേപ്പയൂരിലേത്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നാലായിരത്തിലേറെ വിദ്യാർഥികളുള്ള സ്കൂൾ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള സർക്കാർ വിദ്യാലയമാണ്. എൽഡിഎഫ് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 15 കോടി രൂപ ചെലവിൽ 60 ഹൈടെക് ക്ലാസ് മുറിയുള്ള അഞ്ച്‌ കെട്ടിടങ്ങൾ നിർമിച്ചു. കായികസമുച്ചയം ജൂൺ അഞ്ചിന്‌ വൈകിട്ട് നാലിന് മന്ത്രി വി അബ്‌ദുറഹിമാൻ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top