24 April Wednesday
സ്‌കൂള്‍ ഇന്ന് തുറക്കും

വീണ്ടും പഠനനാളുകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

ഞങ്ങളെത്തി... പ്രവേശനോത്സവത്തിന്‌ ഒരുങ്ങുന്ന ചാലപ്പുറം ഗണപത് എൽപി സ്കൂളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊപ്പം 
കുട്ടികളും എത്തിയപ്പോൾ ഫോട്ടോ: ജഗത് ലാൽ

കോഴിക്കോട് 
കളിചിരികളുടെ വേനലവധി കഴി‍‍ഞ്ഞു. ഇനി പഠന ​ഗൗരവത്തോട സ്കൂളുകളിലേക്ക്. സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച തുറക്കും. പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ജില്ലാ പ്രവേശനോത്സവം രാവിലെ 9.30ന് മെഡിക്കൽ കോളേജ് ക്യാമ്പസ് ​ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. കവയിത്രി ആ​ഗ്ന യാമിയാണ് വിശിഷ്ടാതിഥി. 
ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും അവധിക്കാലത്ത് തന്നെ വിതരണംചെയ്തിരുന്നു. 29 ലക്ഷം പാഠപുസ്തകങ്ങളും യൂണിഫോമിനുള്ള കൈത്തറി തുണിയും തയ്യല്‍കൂലിയുമാണ് നല്‍കിയത്. 
ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ 15,000 അധ്യാപകര്‍ക്കായുള്ള നാലുദിവസം നീളുന്ന പരിശീലനം പൂര്‍ത്തിയായി. 5 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്ക് കുട്ടികൾക്ക്‌ ശാരീരികവും വൈകാരികവുമായ പിന്തുണ നല്‍കുന്നതിനുള്ള പരിശീലനമാണ് നല്‍കിയത്. ഇതോടൊപ്പം അധുനിക നൂതന സാങ്കേതികവിദ്യ ഉപയോ​ഗിക്കുന്നതിനുള്ള പരിശീലനവും നല്‍കി. 
വിവിധ വകുപ്പുകളുമായി സഹകരിച്ച് സ്കൂളുകളില്‍ ഗതാഗത സൗകര്യങ്ങൾ, ശുചീകരണം, കുടിവെള്ളം ഉറപ്പാക്കൽ, സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ്, മാലിന്യനിർമാർജനം, ദുരന്തനിവാരണ ബോധവൽക്കരണം, കൗൺസലിങ് തുടങ്ങിയവയും പൂർത്തിയാക്കി. ക്ലാസുകൾ ആരംഭിക്കുന്നതോടെ ലഹരിവിരുദ്ധ ജനജാഗ്രതാ സമിതികളും രൂപീകരിക്കും. 
ബ്ലോക്കുതല പ്രവേശനോത്സവങ്ങള്‍ ജില്ലയിലെ 15 ബ്ലോക്കുതല റിസോഴ്സ് സെന്ററുകള്‍ കേന്ദ്രീകരിച്ച് നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top