29 March Friday
ബോധവല്‍ക്കരണത്തിന് പാവ നാടകം

വീട് 'അരങ്ങായി'

പി ചന്ദ്രബാബുUpdated: Wednesday Apr 1, 2020
മുക്കം
കോവിഡ് 19 ഭീതി പടർത്തുന്ന സാഹചര്യത്തിൽ ജനങ്ങളിൽ ശാസ്ത്രീയാവബോധം എത്തിക്കാൻ സമൂഹ മാധ്യമങ്ങളിൽ പാവനാടക ബോധവത്‌കരണവുമായി സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പാവനാടക കലാകാരനുമായ പ്രശാന്ത് കൊടിയത്തൂർ.
കോവിഡ് ജാഗ്രതയുടെ ഭാഗമായി കേന്ദ്ര-, സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ട നടപടികൾക്ക് ഊർജം പകരാനും ആളുകളെ ബോധവത്കരിക്കാനും ഉദ്ദേശിച്ചാണ് പാവനാടകം ഒരുക്കിയത്. 
ആരോഗ്യവകുപ്പും പൊലീസും തദ്ദേശസ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും നിരന്തരം നിർദേശം നൽകിയിട്ടും ചിലരെങ്കിലും സാമൂഹിക കടമ മറന്ന് പെരുമാറുന്നത് വൻ വിപത്ത് ക്ഷണിച്ചുവരുത്തുന്നു എന്ന് നാടകം തുറന്നുകാണിക്കുന്നു. 
സാമൂഹിക ഉത്തരവാദിത്തമുള്ള  പൗരൻ എന്ന നിലയിൽ സർക്കാർ നിർദേശം പാലിച്ച് വീടുകളിൽ കഴിയുകയാണ് വേണ്ടത്. അടച്ചുപൂട്ടലിന്റെ ഈ സമയം സർഗാത്മകമാക്കാനുള്ള വ്യത്യസ്ത മാർഗങ്ങളും നാടകം പങ്കുവയ്‌ക്കുന്നു.
വർക്ക് അറ്റ് ഹോമിന്റെ ഭാഗമായി വീട്ടിലിരുന്നാണ് നാടകത്തിന്റെ എല്ലാ ഘട്ടങ്ങളും പ്രശാന്ത്  ചെയ്തുതീർത്തത്.  വീട്ടിൽത്തന്നെ സ്റ്റേജും റിക്കോർഡിങ്‌ സ്റ്റുഡിയോയും ഒരുക്കി. രചനയും കഥാപാത്ര നിർമാണവും സംവിധാനവും പ്രശാന്ത് തന്നെ നിർവഹിച്ചു. 
വ്യത്യസ്ത കഥാപാത്രങ്ങൾക്ക് ശബ്ദം നൽകാനും പാവ അവതരണത്തിനും വീഡിയോ ഷൂട്ടിങ്ങിനും  മകൻ നീരജും ഭാര്യ ശൈലജയും ഒപ്പംനിന്നു.
ഇന്നത്തെ സാഹചര്യത്തിൽ സമൂഹിക അകലം സൂക്ഷിക്കേണ്ടതിനാലാണ് പാവനാടകസംഘത്തിന്റെ പൊതു അവതരണം ഒഴിവാക്കി സമുഹ മാധ്യമങ്ങൾ വഴി പ്രചാരണം ഉദ്ദേശിച്ചതെന്ന് പ്രശാന്ത് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top