20 April Saturday

പരശുറാം യാത്രക്കാരോട്‌ എന്തിനീ ക്രൂരത

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023
കോഴിക്കോട്‌ 
യാത്രക്കാരുടെ അവകാശങ്ങൾക്ക്‌ പുല്ലുവില കൽപ്പിക്കുന്ന ട്രെയിനാണ്‌ പരശുറാം എക്‌സ്‌പ്രസ്‌. നാഗർകോവിലിൽനിന്ന്‌ പുറപ്പെട്ട്‌ കോഴിക്കോട്ടെത്തിയാൽ അകാരണമായൊരു കിടപ്പാണ്‌. പത്തും പതിനഞ്ചും മിനിറ്റല്ല. ഒരു മണിക്കൂർ നീളുന്ന ആ കിടപ്പിൽ യാത്രക്കാർ ചൂടും തിരക്കും കാരണം ഉരുകും. കേരളത്തിന്റെ തെക്കേയറ്റത്തുനിന്ന്‌ പുലർച്ചെ കയറി ലക്ഷ്യസ്ഥാനത്തെത്താൻ കാത്തിരിക്കുന്ന യാത്രക്കാരോട്‌ ചെയ്യുന്ന ക്രൂരതയ്‌ക്ക്‌ റെയിൽവേ ഇന്നുവരെയും വിശദീകരണം നൽകിയിട്ടില്ല. പുലർച്ചെ 4.20ന്‌  നാഗർകോവിലിൽനിന്ന്‌ പുറപ്പെടുന്ന വണ്ടി കോഴിക്കോട്ട്‌ പകൽ 3.50ന്‌ എത്തും. അഞ്ചിനാണ്‌ യാത്ര പുനരാരാംഭിക്കുക. ഓഫീസ്‌ വിട്ടുവരുന്നവർക്കുവേണ്ടി നിർത്തിയിടുന്നു എന്നാണ്‌ അനൗദ്യോഗിക വിശദീകരണം. വൈകിട്ട്‌ അഞ്ചിന്‌ ഓഫീസ്‌ വിടുന്നവർ എങ്ങനെ പരശുറാമിൽ കയറാൻ സ്‌റ്റേഷനിലെത്തുമെന്ന ചോദ്യത്തിന്‌ ഉത്തരമില്ല.  
മലബാറിൽ റെയിൽവേ പ്രഖ്യാപനങ്ങളല്ലാതെ നടപ്പാക്കുന്നത്‌ കുറവാണ്‌. അതിനാൽ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 130 കിലോമീറ്ററാക്കുമെന്നതും യാത്രക്കാർ തമാശയായാണ്‌ കാണുന്നത്‌. പാലക്കാട്‌ ഡിവിഷന്‌ കീഴിൽ വർഷങ്ങൾക്കുമുമ്പ്‌ മാസങ്ങളോളം ട്രെയിനുകൾ സ്‌തംഭിപ്പിച്ചു. സിഗ്‌നൽ മാറ്റം നടപ്പാക്കിയപ്പോൾ റെയിൽവേ പറഞ്ഞത്‌ ട്രെയിൻസമയത്തിൽ വലിയ കുറവ്‌ വരുമെന്നാണ്‌. വർഷങ്ങൾ കഴിഞ്ഞിട്ടും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. രാത്രി 9.10ന്‌ കോഴിക്കോട്ടുനിന്ന്‌ പുറപ്പെടുന്ന എക്‌സിക്യുട്ടീവ്‌ എക്‌സ്‌പ്രസ്‌ രണ്ടുമണിക്കൂർ ഓടി 11.10നാണ്‌ കണ്ണൂരിൽ എത്തുന്നത്‌.  വൈകിട്ട്‌ 6.35ന്‌ കോഴിക്കോട്‌ എത്തുന്ന എക്‌സ്‌പ്രസ്‌ രണ്ടേമുക്കാൽ മണിക്കൂറെടുത്ത്‌ കണ്ണൂരിലെത്തുന്നത്‌ 9.20നാണ്‌. പാസഞ്ചർ ട്രെയിനുകളെല്ലാം എക്‌സ്‌പ്രസ്‌ എന്നാക്കി ടിക്കറ്റ്‌ നിരക്ക്‌ കൂട്ടിയതല്ലാതെ ഓട്ടം പഴയപടി തന്നെ. പുതുതായി മെമു സർവീസ്‌ ആവശ്യപ്പെട്ടപ്പോൾ നിലവിലുണ്ടായിരുന്ന പാസഞ്ചറിൽ ചിലത്‌ മെമുവാക്കി കബളിപ്പിച്ചു.  
പകൽ 2.45ന്‌ കോഴിക്കോട്ടുനിന്ന്‌ മംഗളൂരുവിലേക്കുള്ള സെൻട്രൽ എക്‌സ്‌പ്രസും പരശുവും കഴിഞ്ഞാൽ കാസർകോട്‌ ഭാഗത്തേക്ക്‌ രാത്രി വണ്ടിയില്ല. ഒന്നോ രണ്ടോ ജനറൽ കമ്പാർട്ട്‌മെന്റ്‌ മാത്രമുള്ള ദീർഘദൂര വണ്ടികളിൽ യാത്രക്കാർ ഇടിച്ചുകയറണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top