25 April Thursday

വിജയം പൊടിപൊടിച്ചു ‘ന്യൂട്രിമിക്‌സി’ൽ

സ്വന്തം ലേഖകൻUpdated: Wednesday Feb 1, 2023

ശ്രേയസ്‌ ഫുഡ്‌ പ്രൊഡക്ട്‌ യൂണിറ്റ്‌ അംഗങ്ങൾ ബൃന്ദ കാരാട്ടിനൊപ്പം (ഫയൽ ചിത്രം)

കോഴിക്കോട്‌
വീട്ടിലൊതുങ്ങിയിരുന്നവരായിരുന്നു അവർ ആറുപേരും. കുടുംബശ്രീ മുന്നേറാൻ വഴി കാട്ടിയപ്പേൾ സധൈര്യം ചുവടുവച്ചവർ. പ്രതിസന്ധികളിൽ തളർന്നില്ല. തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തോട്‌ പൊരുതി ജയിച്ചതിന്റെ പുഞ്ചിരിയുണ്ട്‌ ഇവരുടെ മുഖത്ത്‌. നല്ലൂർ മിനി ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റിലെ ‘ശ്രേയസ്‌ ഫുഡ്‌ പ്രൊഡക്ട്‌’ പെൺകരുത്തിന്റെ വിജയഗാഥയാണ്‌. 
2006ലാണ്‌ ഫറോക്ക്‌ നഗരസഭയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങൾ ചേർന്ന്‌ തേജസ്‌, മൈത്രി അങ്കണവാടി കുട്ടികൾക്കുള്ള ന്യൂട്രിമിക്‌സ്‌ ഉൽപ്പാദന കേന്ദ്രങ്ങൾ തുടങ്ങിയത്‌. 25,000 രൂപയുടെ കുടുംബശ്രീ വായ്‌പയ്‌ക്കുപുറമെ വ്യക്തിഗത നിക്ഷേപവും ചേർത്തായിരുന്നു ആരംഭം. യന്ത്രസാമഗ്രികൾ വാങ്ങാൻ വായ്‌പ ലഭിച്ചു. തുടക്കത്തിൽ രണ്ട്‌ യൂണിറ്റുകളിലായി 12 പേരായിരുന്നു. എന്നാൽ, വിവിധ ഘട്ടങ്ങളിലായി ആറുപേർ കൊഴിഞ്ഞു. എങ്കിലും അവശേഷിക്കുന്നവർ പൊരുതി മുന്നേറി. രണ്ട്‌ യൂണിറ്റുകളും ചേർത്ത്‌ ‘ശ്രേയസ്‌’ പിറന്നു. പിന്നെ, മുന്നേറ്റത്തിന്റെ കാലമായിരുന്നു. 
കടലപ്പരിപ്പ്‌, കടല, സോയ ചങ്ക്‌സ്‌, പഞ്ചസാര, ഗോതമ്പ്‌ എന്നിവ നിശ്‌ചിത അളവിൽ പൊടിച്ച്‌ മിശ്രിതമാക്കിയാണ്‌ ന്യൂട്രിമിക്‌സ്‌ തയ്യാറാക്കുന്നത്‌. നിലവിൽ ഫറോക്ക്‌, രാമനാട്ടുകര നഗരസഭകളിലും പെരുമണ്ണ പഞ്ചായത്തിലും അങ്കണവാടികൾക്ക്‌ ഇവരാണ്‌ ന്യൂട്രിമിക്‌സ്‌ എത്തിക്കുന്നത്‌. മാസം 6800 കിലോഗ്രാം ഉൽപ്പന്നങ്ങൾ വിൽക്കുന്നു. 
ധാന്യങ്ങൾക്ക്‌ അടിക്കടിയുണ്ടാകുന്ന വിലവർധനയാണ്‌ പ്രതിസന്ധി. എങ്കിലും യൂണിറ്റ്‌ ലാഭകരമായി മുന്നോട്ടുപോവുകയാണെന്ന്‌ സെക്രട്ടറി പി ശാലിനി പറഞ്ഞു. സി പി ഷറീനയാണ്‌ പ്രസിഡന്റ്‌. എ പ്രബീന, ടി വിമല, എം ബിന്ദു, എ അജിതകുമാരി എന്നിവരാണ്‌ മറ്റ്‌ അംഗങ്ങൾ. ഈയിടെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ യൂണിറ്റ്‌ സന്ദർശിച്ചിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top