29 March Friday

അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കും: മന്ത്രി പി തിലോത്തമൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

 പായിപ്പാട്

നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ പായിപ്പാട്  പഞ്ചായത്തിലെ അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാനും  താമസ സ്ഥലങ്ങളിൽ അവശ്യസേവനങ്ങൾ തുടർന്നും ലഭ്യമാക്കാനും തീരുമാനമായി. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന കെട്ടിട ഉടമകളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. 
തൊഴിലാളികൾക്ക് താൽക്കാലികമായി ഭക്ഷണം നൽകുന്നതിനും വാടക വാങ്ങാതെ തന്നെ താമസസ്ഥലത്ത് തുടരാൻ അനുവദിക്കുന്നതിനും കെട്ടിട ഉടമകൾ സന്നദ്ധത അറിയിച്ചു. ഭക്ഷണ വിതരണത്തിന് നിലവിലുള്ള സംവിധാനം തുടരണമെന്നും ഭക്ഷണ സാമഗ്രികൾ എത്തിച്ചു നൽകുന്നതിന് കെട്ടിട ഉടമകൾ മുൻകൈയെടുക്കണമെന്നും മന്ത്രി നിർദേശിച്ചു. ഇതിന് സ്പോൺസർഷിപ്പ് ഉൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താം. ഭക്ഷണ വിതരണത്തിനുള്ള സർക്കാർ സംവിധാനം ഉടൻ നിലവിൽ വരും. 
നിലവിലെ സാഹചര്യത്തിൽ നാട്ടിൽ പോകാൻ കഴിയില്ലെന്ന് എല്ലാ തൊഴിലാളികളെയും ബോധ്യപ്പെടുത്താൻ എല്ലാവരും സഹകരിക്കണം. എല്ലാ ക്യാമ്പുകളിലും മുടക്കമില്ലാതെ വെള്ളമെത്തിക്കുന്നതിന് ജല അതോറിറ്റിയെയും പഞ്ചായത്തിനെയും ചുമതലപ്പെടുത്തി. ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് ഈ മേഖലയിലെ അഥിതി തൊഴിലാളികൾക്കു വേണ്ടി മാത്രമായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കും. ഡെപ്യൂട്ടി തഹസിൽദാർ, അസി. ലേബർ ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട മോണിട്ടറിങ്‌ കമ്മിറ്റിയെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി  നിയോഗിക്കും. 
മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി ഇവർ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധം ദൗർഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങൾ  ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും  കലക്ടർ പി കെ സുധീർ ബാബു പറഞ്ഞു.  
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡോ. ശോഭ സലിമോൻ, ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ്, അസി. കലക്ടർ ശിഖ സുരേന്ദ്രൻ, എഡിഎം അനിൽ ഉമ്മൻ, ജോയിന്റ്‌ ലേബർ കമീഷണർ ഡി സുരേഷ്‌കുമാർ, ആർഡിഒ ജോളി ജോസഫ്, ഡെപ്യൂട്ടി കലക്ടർ ടി കെ വിനീത്, തഹസിൽദാർ ജിനു പുന്നൂസ്, പഞ്ചായത്ത് പ്രസിഡന്റ്‌  ജിനു ജോസഫ് എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top