24 April Wednesday

ചരിത്രത്തിലേക്ക് ‘വാക്കിങ് കപ്പിൾ’സ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
പള്ളിക്കത്തോട് 
ചരിത്രത്തിലേക്ക്‌ നടന്നു കയറാനുള്ള തയ്യാറെടുപ്പിലാണ്‌ ഈ ദമ്പതികൾ. പള്ളിക്കത്തോട് കൊട്ടാരത്തിൽ ബെന്നി(54) എന്ന സൈക്കിൾ ബെന്നിയും ഭാര്യ മോളി(45)യുമാണ് താരങ്ങൾ. കന്യാകുമാരി മുതൽ കശ്മീർ വരെയും തിരിച്ചു കന്യാകുമാരി വരെയും ഇരുവരും ഒരുമിച്ച്‌ കാൽനടയായി സഞ്ചരിക്കുകയാണ്‌ ലക്ഷ്യം. "വാക്കിങ് ഇന്ത്യൻ കപ്പിൾ' എന്ന ഈ യാത്ര ലക്ഷ്യത്തിലെത്തിയാൽ ഈ ദൂരം നടന്നുതാണ്ടിയ ദമ്പതികൾ എന്ന റെക്കോർഡിൽ ഇടംപിടിക്കും. ഡിസംബർ ഒന്നിന് കന്യാകുമാരിയിൽനിന്ന് എട്ട്‌ മാസം നീളുന്ന യാത്ര ആരംഭിക്കും.   സൈക്കിളിൽ രണ്ടു തവണ ബെന്നി ഇന്ത്യയൊട്ടാകെ ചുറ്റി സഞ്ചരിച്ചു. 2019ൽ കേരളം മുതൽ കശ്മീർ വരെയും തിരിച്ചും 58 ദിവസം നീണ്ട സൈക്കിൾ സവാരി.  ഈ വർഷം ആദ്യം നേപ്പാൾ, മ്യാൻമർ അതിർത്തി വരെ 68 ദിവസം നീണ്ട മറ്റൊരു സൈക്കിൾ യാത്രയും നടത്തി. സൈക്കിളിൽ ആദ്യം കേരളം മുതൽ കാശ്മീർ വരെ യാത്ര നടത്തിയ ഏറ്റവും പ്രായം കൂടിയയാൾ എന്ന നേട്ടവും ബെന്നിക്കുണ്ട്.
ആന്ധ്രപ്രദേശിൽ അധ്യാപകരായിരുന്നു ബെന്നിയും ഭാര്യ മോളിയും. കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലേക്ക് തിരിച്ചു. നാട്ടിൽ ബെന്നി സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റിയായി ജോലി നോക്കി.  ഹൃദയ സംബന്ധമായ അസുഖങ്ങൾ യുവാക്കളുടെ മരണത്തിന്‌ കൂടുതൽ കാരണമാകുന്നു എന്ന്‌ തിരിച്ചറിഞ്ഞത്‌ ഇക്കാലത്താണ്‌. തുടർന്ന്‌ യുവാക്കൾക്ക് പ്രചോദനമാകാൻ സൈക്കിൾ യാത്ര എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു. 
ബെന്നി–-മോളി ദമ്പതികളുടെ വിവാഹം കഴിഞ്ഞു 19 വർഷമായി. കുട്ടികളില്ലാത്ത ഇവർ പരസ്പരം താങ്ങും തണലുമാവുക എന്ന സന്ദേശവുമായാണ് വോക്കിങ് ഇന്ത്യൻ കപ്പിൾ എന്ന ആശയവുമായി ഇവർ പുതിയ യാത്രയ്ക്ക് തുടക്കമിടുന്നത്. നടപ്പിന്റെ ആരോഗ്യ സന്ദേശം ജനങ്ങളിലെത്തിക്കുക എന്നതും ഈ ദമ്പതികളുടെ ലക്ഷ്യമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top