18 April Thursday
ജി 20 ഷെർപ്പ

ആഗോള വിഷയങ്ങളിലേക്ക്‌ കുമരകം

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

ജി 20 ഷെർപ്പ മീറ്റിങ് നടക്കുന്ന കുമരകം കെടിഡിസി വാട്ടർ സ്കേപ്‌സിൽ പൊലീസ് നായ പരിശോധിക്കുന്നു

കോട്ടയം
ആഗോളതലത്തിൽ ആശങ്കയുണർത്തുന്ന നി‌രവധി വിഷയങ്ങളിലുള്ള ചർച്ചകൾക്കാണ്‌ കുമരകം വേദിയാകുന്നത്‌. "സുസ്ഥിര ഹരിത വികസനത്തിന്‌ പുതിയ മാതൃക' എന്ന വിഷയത്തിൽ പകൽ രണ്ടിന്‌ ആദ്യ സെഷൻ നടക്കും. ഹരിതവികസനവും കാലാവസ്ഥാ സമ്പദ്പ്രവർത്തനവും എന്ന വിഷയത്തിലുള്ള സെഷൻ പകൽ 3.20ന്‌ ആരംഭിക്കും. തുടർദിവസങ്ങളിൽ ഷെർപ്പ ട്രാക്കിനുള്ളിലെ 13 പ്രവർത്തകസമിതികൾക്കുകീഴിൽ നടക്കുന്ന പ്രവർത്തനങ്ങൾ ചർച്ചയാകും. ഗവേഷണ -നവീകരണ സംരംഭ സദസ്, അധികാരസമിതി, ബഹിരാകാശ സാമ്പത്തിക തലവന്മാരുടെ യോഗം, മുഖ്യ ശാസ്ത്ര ഉപദേഷ്ടാക്കളുടെ വട്ടമേശസമ്മേളനം എന്നീ വിഷയങ്ങളിലും നയപരമായ ചർച്ചകൾ നടക്കും. 
പരിസ്ഥിതിസൗഹൃദ ജീവിതശൈലി, ഊർജസ്വലവുമായ വളർച്ച, സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്‌ഡിജി) പുരോഗതി ത്വരിതപ്പെടുത്തൽ, സാങ്കേതിക പരിവർത്തനവും ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യവും, 21-ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങൾ, സ്ത്രീകളുടെ നേതൃത്വത്തിലെ വികസനം എന്നിവ ഇന്ത്യയുടെ ജി 20 അധ്യക്ഷപദവിക്കാലത്ത്‌ നടക്കുന്ന ചർച്ചകളിൽ ഉൾപ്പെടുന്നുണ്ട്‌. ആഗോള വെല്ലുവിളികളെക്കുറിച്ചും വളർച്ചയെ അടിസ്ഥാനമാക്കിയ ഡിപിഐ കെട്ടിപ്പടുക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും വിവിധ പാനൽ ചർച്ചകൾ നടക്കും. 

ചർച്ചയ്ക്ക് പ്രമുഖർ
നന്ദൻ നിലേക്കണി (ഇൻഫോസിസ് ടെക്നോളജീസ് ലിമിറ്റഡ് ചെയർമാൻ), തിയറി ബ്രെട്ടൺ (യൂറോപ്യൻ യൂണിയൻ ഇന്റേണൽ മാർക്കറ്റ് കമീഷണർ), പ്രിയ വോറ(ഡിജിറ്റൽ ഇംപാക്‌ട്‌ അലയൻസ് മാനേജിങ് ഡയറക്ടർ), പ്രമോദ് വർമ(ഏക്‌സ്റ്റെപ്പ് ഫൗണ്ടേഷൻ സിടിഒ) എന്നിവർ ഡിപിഐ അനുബന്ധപരി‌പാടിയെ അഭിസംബോധന ചെയ്യും. ഇന്ത്യയിലെ യുഎൻ റെസിഡന്റ് കോഓർഡിനേറ്റർ ഓഫീസ്(യുഎൻആർസി), ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ (ഒആർഎഫ്) എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഹരിത വികസനത്തെക്കുറിച്ചുള്ള അനുബന്ധ പരിപാടി, ഹരിതവികസനത്തിന്റെ പുതിയ കാഴ്ചപ്പാടു മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ ആഗോള ശ്രമങ്ങളെക്കുറിച്ച് ആഴത്തിലുള്ള കാഴ്ചപ്പാട്‌ നൽകും. ഹരിത വികസന അനുബന്ധ പരിപാടിയെ ജെഫ്രി സാക്‌സ് (കൊളംബിയ സർവകലാശാല സുസ്ഥിര വികസനം ഡയറക്ടർ), അവിനാഷ് പെർസാദ് (നിക്ഷേപവും സാമ്പത്തിക സേവനങ്ങളും സംബന്ധിച്ച ബാർബഡോസ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി), മറ്റ് പാനലിസ്റ്റുകൾ എന്നിവർ അഭിസംബോധന ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top