25 April Thursday

‘സരസ്‌ മേള’ 
ആദ്യമായി കോട്ടയത്ത്‌

സ്വന്തം ലേഖകൻUpdated: Tuesday Nov 29, 2022
കോട്ടയം
രജതജൂബിലി ആഘോഷിക്കുന്ന കുടുംബശ്രീ ഉൾപ്പെടെ 28 സംസ്ഥാനങ്ങളിലെ വനിത പ്രസ്ഥാനങ്ങളുടെ സ്വയംസംരംഭക ഉൽപന്നങ്ങൾ –- കരകൗശലം, ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവ –-  വിൽപ്പനയ്‌ക്ക്‌ വയ്‌ക്കുന്ന ‘സരസ്‌ മേള’ ആദ്യമായി കോട്ടയത്തേക്ക്‌. ഡിസംബർ 15 മുതൽ 24 വരെ പോപ്പ്‌ മൈതാനത്ത്‌ നടക്കുന്ന മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ കുടുംബശ്രീ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി എം ബി രാജേഷിനാണ്‌ മേള നടത്തിപ്പ്‌ ചുമതല. വിവിധ ജില്ലകളിലെ കുടുംബശ്രീ അയൽക്കൂട്ടം, എഡിഎസ്‌, സിഡിഎസ്‌ എന്നിവ മേളയിൽ അതതിടങ്ങളിലെ സ്വയംസംരംഭക ഉൽപന്നങ്ങളുമായി സംഗമിക്കും. 
മൊത്തം 250 സ്‌റ്റാളുകളും 25 ഫുഡ്‌ കോർട്ടുകളും ഉണ്ടാകും. ആദ്യമായി വിവിധ ജില്ലകളിലെ ട്രാൻസ്‌ജെൻഡേഴ്‌സിന്റെ സംരംഭകസാന്നിധ്യവും കോട്ടയത്തുണ്ടാകും. കേന്ദ്ര –- സംസ്ഥാന സർക്കാരുകളും ത്രിതല പഞ്ചായത്തുകളും ബജറ്റ്‌ വിഹിതം നൽകിയാണ്‌ മേള സംഘടിപ്പിക്കുന്നത്‌. മേള നടക്കുന്ന  ദിവസങ്ങളിൽ കലാപരിപാടികൾ, സാംസ്‌കാരിക സന്ധ്യ, പ്രഭാഷണങ്ങൾ എന്നിവ ഉണ്ടാകും. ജില്ലയിലെ 140 കുടുംബശ്രീ സംരംഭങ്ങൾ മേളയിൽ അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും. ഐആർഡിപി സഹായം ലഭിച്ച 30 സംരംഭകരും മേളയുടെ ഭാഗമാകും. 120ലേറെ വനിത ഷെഫുമാർ അണിനിരക്കുന്ന ഇന്ത്യ ഫുഡ്‌ കോർട്ടാണ്‌ മറ്റൊരു ആകർഷണകേന്ദ്രം. രുചിവൈവിധ്യത്തിന്റെ 12 സ്‌റ്റാളുകളാണ്‌ ഒരുക്കുന്നത്‌. മേളയുടെ മികച്ച കവറേജ്‌ നൽകുന്ന അച്ചടി –- ദൃശ്യ മാധ്യമങ്ങൾക്ക്‌ സംഘാടകസമിതി പ്രത്യേക പുരസ്‌കാരം നൽകും. വാർത്താസമ്മേളനത്തിൽ അഭിലാഷ്‌ കെ ദിവാകർ, അനൂപ്‌ ചന്ദ്രൻ, ഹിമമോൾ ജോസഫ്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top