23 April Tuesday

ഇനി ക്ലാസിൽ കയറാം

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021
കോട്ടയം
ഓൺലൈൻ ലോകത്തുനിന്ന്‌ വിദ്യാർഥികൾ വീണ്ടും വിദ്യാലയങ്ങളിലേക്ക്‌. സ്‌കൂളുകൾ നവംബർ ഒന്നിന്‌ തുറക്കുമ്പോൾ അധ്യയന വർഷത്തിന്റെ ആരംഭമല്ലെങ്കിലും അതിനു തുല്യമായ ഒരുക്കങ്ങളാണ്‌ നടക്കുന്നത്‌. സ്‌കൂൾ പരിസരവും കിണറുകളും ശുചിമുറിയും വൃത്തിയാക്കൽ തകൃതിയായി നടക്കുന്നു. ഒന്നു മുതൽ ഏഴു വരെയും 10 മുതൽ 12 വരെയും  ക്ലാസുകളാണ്‌ ഒന്നിന്‌ തുടങ്ങുക. 15ന്‌ എട്ട്‌, ഒമ്പത്‌ ക്ലാസുകളും തുടങ്ങും. സ്‌കൂളികളിലേക്ക്‌ മടങ്ങാനും കൂട്ടുകാരെ കാണാനുമുള്ള ആവേശത്തിലാണ്‌ വിദ്യാർഥികൾ.
കോവിഡ്‌ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്രപദ്ധതി തയ്യാറായി. 
ഒരു ബെഞ്ചിൽ രണ്ടു പേർ മാത്രം. ഇതിനായി ഒരു ക്ലാസിനെ പല ബാച്ചാക്കും. ഓൺലൈൻ ക്ലാസും തുടരും. തെർമൽ സ്‌കാനർ, മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉറപ്പാക്കും. കോവിഡ് മാനദണ്ഡമനുസരിച്ച്‌ വിദ്യാർഥികളെ പ്രവേശിപ്പിക്കും. രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകിയിട്ടുണ്ട്‌.
കെഎസ്‌ആർടിസി 
ബസുകൾ സ്‌കൂൾ ബസാകും
സ്‌കൂളുകൾക്കായി മുഴുവൻ സമയ സേവനത്തിന്‌ നിശ്ചിത തുക ഈടാക്കി കെഎസ്‌ആർടിസി ബസുകൾ വിട്ടുനൽകും. ചില സ്‌കൂളുകൾ താൽപര്യം അറിയിച്ചിട്ടുണ്ട്‌. നിലവിൽ സ്വകാര്യ ബസുകളിൽ പകുതിയിലേറെയും ഓടുന്നില്ല. കെഎസ്‌ആർടിസി സർവീസുകളും കുറഞ്ഞു. വിദ്യാർഥികളുടെ യാത്ര സുഗമമാക്കാൻ കൂടുതൽ സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് കലക്ടർ നിർദേശം നൽകി. 
സുരക്ഷ തന്നെ മുഖ്യം
സർക്കാരിന്റെ പുതിയ നിർദേശപ്രകാരം എല്ലാ സ്‌കൂളിലും ഒരധ്യാപകനെ സേഫ്‌റ്റി ഓഫീസറായി നിയോഗിക്കും. സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പും ശക്തിപ്പെടുത്തും. പൊലീസും വിപുലമായ തയ്യാറെടുപ്പിലാണ്‌. സ്‌കൂൾ അധികൃതരെയും പിടിഎ ഭാരവാഹികളെയും പങ്കെടുപ്പിച്ച്‌ എസ്‌എച്ച്‌ഒമാർ യോഗംചേർന്നു. സ്‌കൂളുകൾക്ക്‌ സമീപം ഗതാഗതം നിയന്ത്രിക്കുന്നതിന്‌ പൊലീസുണ്ടാകും. ഗേൾസ്‌ സ്‌കൂളുകൾക്ക്‌ സമീപം വനിതാ പൊലീസുമുണ്ടാകും.
 
ഫിറ്റ്‌ ആയിരിക്കണം
സ്‌കൂൾ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്‌നസ്‌ പരിശോധന പൂർത്തിയായി. ജില്ലയിൽ ഏഴ്‌ സ്‌കൂൾ കെട്ടിടങ്ങൾക്കും നാല്‌ വാഹനങ്ങൾക്കും ഫിറ്റ്‌നസ്‌ അനുവദിച്ചിട്ടില്ല. ഫിറ്റ്‌നസ്‌ ഉറപ്പാക്കി റിപ്പോർട്ട്‌ ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ്‌ നിർദേശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top