കോട്ടയം
പ്രവാചക സ്‌മരണയിൽ നാടെങ്ങും നബിദിനാഘോഷം നടന്നു. മദ്രസകളുടെ ആഭിമുഖ്യത്തിൽ രാവിലെ റാലിയും പള്ളികളിൽ മൗലൂദ് പാരായണവും ദുഅയും കുട്ടികളുടെ കലാപരിപാടികളും പ്രത്യേക പ്രാർഥനയും അന്നദാനവും മധുരപലഹാര വിതരണവും നടത്തി. മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.
താഴത്തങ്ങാടി മുസ്‌ലിം ജമാ അത്തിന്റെയും ഇസ്‌ലാഹിയ മദ്രസ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നബിദിനാഘോഷം നടന്നു. അറുപുഴയിൽനിന്ന് താഴത്തങ്ങാടിയിലേക്ക് ഘോഷയാത്ര സംഘടിപ്പിച്ചു. പൊതുസമ്മേളനം കെ കെ മുഹമ്മദ്‌സാലി ഉദ്‌ഘാടനംചെയ്‌തു. തിരുനക്കര പുത്തൻപള്ളി മുസ്‌ലീം ജമാ അത്തിന്റെ നേതൃത്വത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി രാത്രി നടന്ന മൗലൂദ് പാരായണത്തിന് ചീഫ് ഇമാം മഅ്‌മൂൻ ഹുദവി വണ്ടൂർ, താഹ മൗലവി അൽ ഹസനി എന്നിവർ നേതൃത്വം നൽകി.
എരുമേലി
എരുമേലി മഹല്ലാ മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ചരള, കരിംകല്ലുംമൂഴി, നേർച്ചപ്പാറ, പാത്തിക്കക്കാവ്, ആനക്കല്ല്, മണിപ്പുഴ, കൊരട്ടി ശാഖകളിൽനിന്നും മദ്രസകളിൽനിന്നും ബാങ്ക് ജങ്‌ഷനിൽ കേന്ദ്രീകരിച്ച് സംയുക്തറാലി ആരംഭിച്ചു. ടൗൺ പള്ളിയിൽ ഇമാം അഹമ്മദ് റിയാസ് മിസ്ബാഹി പ്രാർഥനയ്‌ക്ക് നേതൃത്വം നൽകി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ജമാഅത് പ്രസിഡന്റ് ഹാജി പി എ ഇർഷാദ് സമ്മേളനം ഉദ്‌ഘാടനംചെയ്തു. കലാപരിപാടികളും അരങ്ങേറി.
ചങ്ങനാശേരി
ചങ്ങനാശേരി പഴയപള്ളി മുസ്ലിം ജമാഅത്ത് ഇരുപ്പാഹയാത്തുൽ ഇസ്ലാം മദ്രസവിദ്യാർഥികളെ പങ്കെടുപ്പിച്ച് നബി ദിന റാലി നടത്തി. പഴയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഹാജി മുഹമ്മദ് ഫുവാദ് റാലി ഉദ്ഘാടനംചെയ്തു. ചങ്ങനാശേരി പുതൂർപ്പള്ളി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിന സാംസ്‌കാരിക സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനംചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഹാജി പി എസ് മുഹമ്മദ് ബഷീർ അധ്യക്ഷനായി. മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പുതൂർപള്ളി ചീഫ് ഇമാം ഡോ. അൽഹാഫിസ് അർഷദ് ഫലാഹി, എം എച്ച് ഹനീഫ, എം എസ് നൗഷാദ്, കെ എ ഷാഹുൽ ഹമീദ്, കെ എ ഷമീർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..