19 December Friday
ഡോ. എം എസ്‌ സ്വാമിനാഥൻ

അപ്പർ കുട്ടനാടിന്റെ കാർഷിക 
സംസ്‌കാരത്തിനും വിത്തുപാകിയ പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023
കോട്ടയം
ഭക്ഷ്യക്ഷാമത്തിന്റെ നാടായിരുന്ന ഇന്ത്യയെ ഭക്ഷ്യധാന്യം കയറ്റി അയക്കുന്ന രാജ്യമാക്കി വളർത്തിയതിൽ നിർണായക സംഭാവന നൽകിയ വിഖ്യാത കാർഷിക ശാസ്‌ത്രജ്ഞൻ എം എസ് സ്വാമിനാഥൻ വിടവാങ്ങുമ്പോൾ ജില്ലയ്‌ക്കും അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ ഏറെ.  കുട്ടനാടൻ പാടശേഖരങ്ങളുടെ മൂന്നിലൊന്നോളം ഉൾക്കൊള്ളുന്ന കോട്ടയം ജില്ലയുടെ ജനജീവിതത്തെ അദ്ദേഹത്തിന്റെ ചിന്തകളും കാഴ്‌ചപ്പാടുകളും അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ പദ്ധതികളും കാര്യമായി സ്വാധീനിച്ചു. വൈക്കം മുതൽ ചങ്ങനാശേരി വരെ നീളുന്ന അപ്പർകുട്ടനാട്ടിലെ ആധുനിക കൃഷിരീതിക്കും സ്വാമിനാഥന്റെ പഠനങ്ങൾ വഴികാട്ടിയായി. ഈ മേഖലയിലെ കൃഷി ലാഭകരമാക്കാൻ അദ്ദേഹം നൽകിയ പല നിർദേശങ്ങളും ഇനിയും നടപ്പാകേണ്ടതുണ്ടെന്നും കർഷകർ പറയുന്നു.
 കുട്ടനാടിന്റെ വളർച്ചയെക്കുറിച്ചുള്ള ഇക്കാലത്തെ ഏത്‌ ആലോചനയും തുടങ്ങുന്നത്‌ അദ്ദേഹത്തിന്റെ മുൻകൈയിൽ രൂപപ്പെടുത്തിയ കുട്ടനാട്‌ പാക്കേജിന്റെ തുടർച്ചയായിട്ടായിരിക്കുമെന്ന്‌ കാർഷിക വിദഗ്‌ധൻ ഡോ. കെ ജി പത്മകുമാർ പറഞ്ഞു. പ്രശ്നങ്ങളുടെ കൂടാരമാണ് കുട്ടനാടെന്നും എന്നാൽ ഈ വെല്ലുവിളികളെ അവസരമാക്കി എടുക്കണം എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പാക്കേജ്‌ പൂർണമായി നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിലും കുട്ടനാടിന്റെ വളർച്ചയുടെ അടിത്തറ അതാണ്‌. നെൽകൃഷി മാത്രമല്ല മത്സ്യമടക്കം സംയോജിത കൃഷിരീതിയാണ്‌ അദ്ദേഹം ശുപാർശ ചെയ്‌തത്‌.  കർഷകരുടെയും കർഷക തൊഴിലാളികളുടെയും പരമ്പരാഗത അറിവ് കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കുന്ന കൃഷിരീതി രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആഗോള പ്രശസ്‌തനായ ശേഷവും രണ്ടുതവണ  കൈപ്പുഴ, വെച്ചൂർ കായലുകൾ നേരിട്ട് സന്ദർശിച്ച്‌ പഠനം നടത്തി. അദ്ദേഹത്തിന്റെ ശുപാർശകൾ കുട്ടനാടൻ ജനജീവിതങ്ങളിൽ കാര്യമായ മാറ്റം ഉണ്ടാക്കി. സൂക്ഷ്മമായി പഠിച്ച്‌ ശുപാർശ അവതരിപ്പിക്കുക മാത്രമല്ല അത്‌ നടപ്പാക്കാനുള്ള വഴിയും അദ്ദേഹം കൃത്യമായി നിർദേശിച്ചിരുന്നു. 
കായൽ കൃഷിക്ക്‌ തുടക്കം കുറിച്ച കുടുംബത്തിൽ നിന്നാണ് അദ്ദേഹത്തിന്റെയും വരവ്. നോക്കെത്താ ദൂരം പരന്നുകിടക്കുന്ന കായലിനെ കൃഷിഭൂമിയാക്കിയ അധ്വാനത്തിന്റെ  പാരമ്പര്യത്തിൽ എന്നും അദ്ദേഹം അഭിമാനിച്ചു. കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കുന്ന കൃഷിരീതിക്കായി സ്വന്തം സ്ഥാപനം ഉണ്ടാക്കിയും അദ്ദേഹം പഠനം തുടർന്നെന്നും- ഡോ. പത്മകുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top